TOPICS COVERED

ആലപ്പുഴ ഓമനപ്പുഴയിൽ അനധികൃതമായി തോടുകളും ചാലുകളും നികത്തിയതിനാൽ മാസങ്ങളായി വെള്ളക്കെട്ടിൽ വലഞ്ഞ് നൂറോളം കുടുംബങ്ങൾ. ഒരു  റിസോർട്ട് നിർമിക്കുന്നതിൻ്റെ പേരിൽ ആണ് തോടുകൾ നികത്തുകയും സർക്കാർ ഭൂമി കയ്യേറുകയും ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാസങ്ങളായി മലിന ജലം കെട്ടിക്കിടക്കുന്നതിനാൽ കുട്ടികൾ അടക്കമുള്ള പ്രദേശവാസികൾ വിവിധ രോഗങ്ങളാൽ വലയുകയാണ്.

മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 15-ാം വാർഡായ ഓമനപ്പുഴ പ്രദേശത്തെ ജനങ്ങളുടെ ദുരിതം അധികാരികളുടെ അനാസ്ഥ കൊണ്ട് സംഭവിച്ചതാണ്. കടലിലേക്ക് ജലം ഒഴുകുന്ന ഓമനപ്പുഴ പൊഴിയുടെ സമീപത്ത് താമസിക്കുന്ന കുടുംബങ്ങളാണ് വെള്ളക്കെട്ടിലായത്. വെള്ളം ഒഴുകുന്ന 14 തോടുകളും ചാലുകളും റിസോർട്ട് നിർമിക്കാൻ സ്ഥലം വാങ്ങിയ വ്യക്തി നികത്തിയെന്ന് നാട്ടുകാർ പറയുന്നു.

പ്രാഥമികാവശ്യങ്ങൾ  നിർവഹിക്കാൻ ബന്ധു വീടുകളിൽ പോകേണ്ട സ്ഥിതി. കുട്ടികൾക്ക് രോഗം ഒഴിഞ്ഞ നേരമില്ല. പലരും ഈ പ്രദേശത്ത് നിന്ന് താമസം മാറി. റിസോർട്ട് നിർമിക്കാൻ സ്ഥലം വാങ്ങിയ വ്യക്തി മതിൽ കെട്ടിയതോടെ നീരൊഴുക്ക് നിലച്ചു. നാട്ടുകാർക്ക് അനുവദിച്ച റോഡിന് പോലും സ്റ്റേ വാങ്ങി. നാട്ടുകാർ ചേർന്ന് തീസംരക്ഷണ സമിതി എന്ന പേരിൽ സംഘടന രൂപീകരിച്ച് അധികാരികൾക്ക് പല തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തോട്ടുകൾ നികത്തുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും പരിശോധനയ്ക്ക് എത്തിയത് ഒരു മാസം  കഴിഞ്ഞാണെന്ന് നാട്ടുകാർ പറയുന്നു. നികത്തിയ തോടുകൾ പൂർവസ്ഥിതിയിലാക്കി വെള്ളം പൊഴിയിലേക്ക് ഒഴുക്കിയിൽ വെള്ളക്കെട്ട് ദുരിതത്തിൽ നിന്ന് പ്രദേശവാസികൾക്ക് മോചനം കിട്ടും.

ENGLISH SUMMARY:

In Alappuzha's Omanappuzha, over a hundred families are suffering due to severe waterlogging after streams and canals were allegedly filled illegally for the construction of a resort. Residents accuse encroachment of government land, and stagnant wastewater has led to widespread health issues, especially among children.