ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്‍റര്‍ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചപ്പോൾ നേരത്തെ ഉണ്ടായിരുന്ന ചികിൽസാ സൗകര്യങ്ങൾ പോലും ഇല്ലാതായി. 2022 ൽ വലിയ ആഘോഷത്തോടെ ആരോഗ്യ മന്ത്രി തറക്കല്ലിട്ട ഐസലേഷൻ കെട്ടിട നിർമാണം പാതിവഴിയിൽ നിലച്ചു. ആശുപത്രിയിലെ രാത്രികാല സേവനങ്ങളും നിർത്തി.
നിർമാണം നിലച്ച ആശുപത്രി കെട്ടിടത്തിൽ മുളച്ചു നിൽക്കുന്ന ആൽ നാണക്കേടിന്‍റെ പ്രതീകമാണ്. ആഘോഷത്തോടെ 2022 ൽ തറക്കല്ലിട്ട കെട്ടിടമാണിത്. അമ്പലപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ ഐസൊലേഷൻ ബ്ലോക്ക്. കെട്ടിടത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി രണ്ടര കോടിയാണ് ചിലവിടുന്നത്. കെട്ടിടത്തിന്‍റെ ചുറ്റുപാടും കാടും വെള്ളക്കെട്ടുമാണ്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സബ് സെന്‍റർ ആയി പ്രവർത്തിച്ചുവരുന്ന സ്ഥാപനം 2022 ൽ കുടുംബാരോഗ്യ കേന്ദ്രമാക്കി. എന്നാൽ അതിന്‍റെ ഗുണമൊന്നും രോഗികൾക്ക് കിട്ടുന്നില്ല.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിൽ ഉള്ളതാണ് ഈ ആശുപത്രി. നേരത്തെ മുതൽ തന്നെ OP യും കിടത്തി ചികിൽസയും ഗൈനക്കോളജി വിഭാഗവും എല്ലാം ഉണ്ടായിരുന്നു. കൊവിഡിന് ശേഷം കിടത്തി ചികിൽസ പൂർണ്ണമായും നിർത്തി. രാത്രികാല സേവനങ്ങളും ഇല്ലാതെയായി. നിലവിൽ പരിതാപകരമാണ് ആശുപത്രിയുടെ അവസ്ഥ. ആവശ്യത്തിന് ജീവനക്കാരില്ല. മെച്ചപ്പെടുത്തിയാൽ തകഴി അമ്പലപ്പുഴ തെക്ക് വടക്ക് , പുറക്കാട് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയെ നേരിട്ടാശ്രയിക്കാതെ ചികിൽസ നേടാൻ കഴിയും. മെഡിക്കൽ കോളജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനാകും. ജി. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ പുതിയ കിടത്തി ചികിൽസ വിഭാഗം നിർമിക്കുന്നതിന് 20 കോടിയോളം രൂപ വകയിരുത്തിയിരുന്നു. തുടർനടപടികൾ ഉണ്ടാകാത്തതിനാൾ ആ പണം ലാപ്സായി.