coir

TOPICS COVERED

സംസ്ഥാന കയർ തൊഴിലാളിക്ഷേമനിധി ബോർഡ് വൻ പ്രതിസന്ധിയിൽ. രണ്ടു മാസമായി  ജീവനക്കാർക്ക് ശമ്പളമില്ല, കയർ  തൊഴിലാളികൾക്കുള്ള വിരമിക്കൽ ആനുകൂല്യങ്ങളും മുടങ്ങി. അടിയന്തിരമായി സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി

 കയർ തൊഴിലാളികൾക്കുള്ള വിവിധ പദ്ധതികൾ നടപ്പാക്കാനാണ് ക്ഷേമനിധി ബോർഡ് ആരംഭിച്ചത്.ഒന്നേ കാൽ ലക്ഷം തൊഴിലാളികളും അറുപതിനായിരം പെൻഷൻകാരും ആണ് കയർ ക്ഷേമനിധിയിൽ ഉള്ളത്. സർക്കാർ സഹായം വെട്ടിക്കുറച്ചതാണ് കയർ ക്ഷേമനിധി ബോർഡിൻ്റെ തകർച്ചയ്ക്ക് കാരണം. ജീവനക്കാർക്ക് രണ്ടു മാസമായി ശമ്പളം നൽകിയിട്ടില്ല. അഞ്ചു വർഷമായി തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്റ്റാഫ് അസോസിയേഷൻ ഐൻടിയുസി നേതൃത്വത്തിൽ ജീവനക്കാർ ആലപ്പുഴയിലെ ഹെഡ് ഓഫീസിനുമുന്നിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു.

പ്രായമായ തൊഴിലാളികൾക്കുള്ള 5 വർഷത്തെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ 25 കോടി രൂപ വേണം. എന്നാൽ സർക്കാർ അനുവദിച്ചത് ഒരു കോടി. ക്ഷേമനിധിയിലേക്കുള്ള തൊഴിലാളി വിഹിതം 20 രൂപയാണ്. സർക്കാർ നൽകേണ്ടത് 40രൂപ. ഇത് സർക്കാർ നൽകുന്നില്ല. കയർ കയറ്റുമതിക്കാരിൽ നിന്ന് ലഭിക്കേണ്ട വിഹിതം വാങ്ങിയെടുക്കാൻ സർക്കാരും ക്ഷേമനിധി ബോർഡും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓരോ സ്ഥലത്തെയും ഓഫീസുകൾ അടച്ചുപൂട്ടുകയാണ് ബോർഡ്. ഏറ്റവും ഒടുവിൽ പറവൂരിലെ ഓഫീസാണ് പൂട്ടിയത്. കയർ വകുപ്പ് അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ക്ഷേമനിധി ബോർഡ് പ്രവർത്തനം തന്നെ അവസാനിക്കുന്ന   അവസ്ഥയാണുണ്ടാകുക

ENGLISH SUMMARY:

The Kerala Coir Workers Welfare Board is facing a severe crisis, with staff salaries pending for two months and retirement benefits for coir workers halted. In response, workers staged a protest demanding urgent government intervention to resolve the financial deadlock.