ആലപ്പുഴ ചാരുംമൂട്ടിൽ സ്കൂട്ടറിടിച്ചു മരിച്ച യാചകന്റെ സഞ്ചിയിലെ നാലര ലക്ഷത്തിന്‍റെ അവകാശികൾ ഇനി ആരെന്നു തേടി പൊലീസും നാട്ടുകാരും. നിരോധിച്ച 2000 രൂപയുടെ നോട്ട് മുതൽ വിദേശ കറൻസികൾ വരെ യാചകന്റെ ഭാണ്ഡത്തിലുണ്ടായിരുന്നു. പണം പൊലീസ് കോടതിക്ക് കൈമാറി.
ചാരുംമൂട്ടിലും പരിസരത്തും സ്ഥിരമായി കാണാറുണ്ടായിരുന്ന യാചകന് തിങ്കളാഴ്ച രാത്രിയാണ് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റത്. നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോടും പറയാതെ അവിടെ നിന്നും ഇറങ്ങിപ്പോയി. പിറ്റേദിവസം രാവിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസാണ് യാചകന്റെ ഭാണ്ഡം സ്റ്റേഷനിൽ എത്തിച്ചത്. പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മന്റെ സാന്നിധ്യത്തിൽ ഭാണ്ഡം തുറന്നു പരിശോധിച്ചപ്പോൾ എല്ലാവരും ഞെട്ടി.
അനിൽ കിഷോർ, തൈപ്പറമ്പിൽ, കായംകുളം എന്നാണ് ആശുപത്രിയിൽ യാചകൻ പറഞ്ഞിരുന്ന മേൽവിലാസം. ബന്ധുക്കൾ അന്വേഷിച്ചു വരുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.