ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിന്‍റെ മതിൽ പൊളിച്ചിട്ട് മൂന്നു വർഷം. സാമൂഹ്യ വിരുദ്ധർക്ക് മെഡിക്കൽ കോളജിലേക്കും വിദ്യാർഥികളുടെ ഹോസ്റ്റലുകളിലേക്കും കടന്നു വരാവുന്ന സാഹചര്യം. മതിൽ പൊളിച്ച് നീക്കിയതിന് നഷ്ടപരിഹാരമായി 34 ലക്ഷത്തോളം രൂപ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ടെങ്കിലും മതിൽ നിർമാണം മാത്രം നടക്കുന്നില്ല.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആർക്കും ആലപ്പുഴ മെഡിക്കൽ കോളജ് പരിസരത്തേക്കും വിദ്യാർഥികളുടെ ഹോസ്റ്റലുകളിലേക്കും കടന്നു കയറാനാകും. മെഡിക്കൽ കോളജ് കാമ്പസിന്‍റെ മതിൽ പൊളിച്ചിട്ട് നാളുകളേറെയായി. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡ്യൂട്ടിക്കും പ്രായോഗിക പരിശീലനത്തിനും പോകുന്നവർ രാത്രിയിൽ ഭയത്തോടെയാണ് ഇതുവഴി കടന്നുപോകുന്നത്. അക്രമികളോ സാമൂഹ്യ വിരുദ്ധരോ മെഡിക്കൽ കോളജ് ക്യാംപസ് പരിസരത്ത് പതുങ്ങിയിരുന്നാലും ആരും അറിയില്ല. ദേശീയ പാത നവീകരണത്തിനായി മെഡിക്കൽ കോളജിന്‍റെ സ്ഥലം ഏറ്റടുത്തപ്പോഴാണ് 750 മീറ്ററോളം മതിലും പൊളിച്ചത്.
ഒരു കോടിയിലധികം രൂപ മതിൽ നിർമാണത്തിന് ചെലവ് വരും. 34 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ലഭിച്ചിട്ടുണ്ട്. ദേശീയ പാത അതോറിറ്റി യോ സംസ്ഥാന പൊതുമരാമത്ത് വകുപ്പോ ആണ് മതിൽ നിർമിക്കേണ്ടത് വിവിധ തലങ്ങളിൽ പിടിഎയും കോളജ് അധികൃതരും പരാതി നൽകിയിട്ടും ഫലമൊന്നുമുണ്ടായിട്ടില്ല. കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.