പോരായ്മകൾ മാറ്റമില്ലാതെ തുടരുന്നതിനൊപ്പം ചെയ്യാവുന്ന കാര്യങ്ങൾ പോലും ചെയ്യാത്തതുകൊണ്ട് താളം തെറ്റുന്നതാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം.ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവാണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന പ്രതിസന്ധി. സ്കാനിങ്ങ് റിപ്പോർട്ടുകൾ കിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥ. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളും രോഗികൾക്ക് കിട്ടാറില്ല.
ഗ്യാസ്ട്രോ,ന്യൂറോ,മെഡിസിൻ,റേഡിയോളജി,സർജറി,ഓർത്തോ,യൂറോളജി,ഡർമറ്റോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ഒഴിവുകൾ. കാർഡിയോളജി വിഭാഗത്തിൽ ആഴ്ചയിൽ രണ്ട് ബൈപ്പാസ് സർജറിയാണ് നടക്കുന്നത്.10 നഴ്സുമാരെയും ഒരു പെർഫ്യൂഷനിസ്റ്റിനെയും കൂടി നിയമിച്ചാൽ കൂടുതൽ ബൈപ്പാസ് സർജറി നടത്താൻ കഴിയും.
ആറുമാസത്തിലേറെയായി നിരവധി രോഗികൾ ബൈപാസ് സർജറി പ്രതീക്ഷിച്ചു മരണത്തോട് മല്ലടിച്ചു കഴിയുന്നു. ചില പാക്കേജുകൾ ഹെൽത്ത് കാർഡിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ നിർധനർക്ക് പോലും ഉപകരണങ്ങൾ പുറത്തുനിന്നും വാങ്ങേണ്ടിവരുന്നു. ഡോക്ടർമാരുടെ കുറവ് റേഡിയോളജി വിഭാഗത്തെ ബാധിച്ചിട്ടുണ്ട്.എം ആർ ഐ,സി ടി കോൺട്രാസ്റ്റ്,എന്നിവയുടെ റിപ്പോർട്ട് ലഭിക്കണമെങ്കിൽ ഒരാഴ്ചവരെ രോഗികൾ കാത്തിരിക്കണം. ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള ഗ്യാസ്ട്രോ ഓപിയിൽ ഡോക്ടർമാരുടെ കുറവ് നൂറു കണക്കിന് രോഗികളെ വലയ്ക്കുന്നു.
എക്സ്-റേ വിഭാഗത്തിൽ പരിചയസമ്പന്നരായ ടെക്നീഷ്യൻമാരുടെ കുറവുണ്ട്. അൾട്രാസൗണ്ട് മെഷീന് 15 വർഷം പഴക്കമുള്ളതിനാൽ പരിശോധനാഫലത്തിൽ രോഗികൾ ആശങ്കപ്പെടുന്നു. ഡോക്ടർമാർ എഴുതുന്ന മരുന്നുകൾ പലതും ഫാർമസിയിലില്ല. മണിക്കൂറുകൾ കാത്തു നിന്ന് കൗണ്ടറിലെത്തുമ്പോഴാണ് മരുന്ന് ഇല്ലെന്നറിയുന്നത്. അൾട്രാ സൗണ്ട് പരിശോധനയ്ക്ക് ഒ പി രോഗികൾക്ക് രണ്ട് മാസം കഴിഞ്ഞാണ് ഇപ്പോൾ സമയം നൽന്നത്. അത്യാഹിത വിഭാഗത്തിൽ പ്രധാന ഡോക്ടർമാർ പലപ്പോഴും ഉണ്ടാകാറില്ലെന്ന പരാതിയും വ്യാപകമാണ്.