800 കോടി രൂപ മുടക്കി പുനർനിർമാണം പൂർത്തീകരിക്കുന്ന എസി റോഡിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് പലയിടത്തും വിള്ളലുകൾ. വെള്ളപ്പൊക്കം ബാധിക്കില്ലെന്ന പ്രഖ്യാപനത്തോടെ നിർമിച്ച റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ അഞ്ചിടത്താണ് വെള്ളം കയറിയത്. 24 കിലോമീറ്റർ ഉള്ള റോഡിൽ പള്ളാത്തുരുത്തി രണ്ടാം പാലത്തിന്‍റെ നിർമാണം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്.
ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് കുട്ടനാടിന്‍റെ മധ്യത്തിലൂടെ കടന്നു പോകുന്ന 24 കിലോമീറ്റർ പാതയാണ് എസി റോഡ് . ഔദ്യോഗിക ഉദ്ഘാടനം ആകുന്നതിന് മുൻപ് തന്നെ റോഡിൽ പലേടത്തും വിള്ളലുകളായി. മാമ്പുഴക്കരി പാലത്തിന് ഇരുഭാഗത്തും , മാമ്പുഴക്കരി ജംക്‌ഷന് സമീപവും റോഡിന് നടുവിലൂടെ വിള്ളലുകൾ കാണാം. മാമ്പുഴക്കരി പാലവും അപ്രോച്ച് റോഡും ചേരുന്നിടത്തു റോഡ് വീണ്ടുകീറി. മഴയെത്തുകയും റോഡ് കൂടുതൽ താഴേക്ക് ഇരിക്കുകയും ചെയ്യുമ്പോൾ വിള്ളൽ കൂടുതൽ അപകടകരമാകും.
നെടുമുടി പാലത്തിന് കിഴക്കുവശത്തും കോസ് വേയോട് ചേർന്ന് റോഡ് വീണ്ടു കീറിയിട്ടുണ്ട്. കുട്ടനാട്ടിൽ മണ്ണു താഴുന്ന പ്രതിഭാസമാണ് റോഡ് ഇരുത്തൽ. നവീകരിച്ച എസി റോഡിലെ പാലങ്ങളുടെയും കലുങ്കുകളുടെയും അപ്രോച്ച് റോഡുകളാണ് താഴുകയും വിണ്ടുകീറുകയും ചെയ്യുന്നത്. റോഡ് താഴുന്നതോടെ പാലത്തിന്‍റെയും കലുങ്കിന്‍റെയും കോൺക്രീറ്റ് ഉയർന്ന് നിന്ന് അപകടസാധ്യതയുണ്ട്.
2020 ഒക്ടോബറിൽ നിർമാണം തുടങ്ങിയ റോഡിന് 671.66 കോടിയാണ് ആദ്യം ചിലവ് കണക്കിയത്. ഇപ്പോൾ 800 കോടിയായി നിർമാണചിലവ് ഉയർന്നു. 2023 ൽ നിർമാണം പൂർത്തിയാക്കാൻ പദ്ധതിയിട്ടെങ്കിലും കാലാവധി പല തവണ നീട്ടി. 90 ശതമാനം ജോലികളും പൂർത്തിയായ റോഡിൽ വെള്ളപ്പൊക്കം ബാധിക്കില്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ അഞ്ചിടത്ത് വെള്ളക്കെട്ടായി.