ആലപ്പുഴ നഗരത്തിലെ കൊമ്പൻകുഴി പാടശേഖരത്തിന്‍റെ ചുറ്റും താമസിക്കുന്ന 700 ലധികം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. പാടശേഖര സമിതിയുടെയും മോട്ടോർ സ്ഥാപിച്ച് പമ്പിങ്ങിന് കരാറെടുത്തവരുടെയുടെയും അനാസ്ഥയാണ് പാടശേഖരത്തിൽ വെള്ളം നിറയാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ ടൂറിസം മേഖലയിലേക്കുള്ള റോഡും മുങ്ങും.
ആലപ്പുഴ നഗരത്തിലെ തിരുമല വാർഡിലെ കൊമ്പൻകുഴി പാടശേഖരമാണിത്. ഈ പാടശേഖരത്തിന് ചറ്റുമുള്ള 700 ലധികം വീടുകളിൽ ഏതു നിമിഷവും വെള്ളം കയറും. പാടത്തെ വെള്ളം വറ്റിച്ച് കൃഷിക്ക് ഒരുക്കുന്നതിന് പമ്പിങ്ങ് കരാറുകാരൻ ഉണ്ട്. എന്നാൽ തറകെട്ടി മോട്ടോർ സ്ഥാപിക്കാൻ നടപടിയില്ല പാട ശേഖരസമിതിയും അനാസ്ഥ കാട്ടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. താൽക്കാലികമായി നിർമിച്ച ബണ്ട് ഏതുനിമിഷവും തകർന്ന് വെള്ളം പാടത്ത് നിറയും. ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ടൂറിസം മേഖലയായതിനാൽ നിരവധി വിനോദ സഞ്ചാരികളാണ് ഹൗസ് ബോട്ടുകളിൽ കയറാൻ ഇതു വഴി എത്തുന്നത്. മൂന്നുവർഷം മുൻപ് നാട്ടുകാർ സ്ഥലം വിട്ടുകൊടുത്തതിനെ തുടർന്ന് മൂന്നു കോടി രൂപ മുടക്കി ടൂറിസം റോഡ് നിർമിച്ചു. ഈ റോഡും മുങ്ങുന്ന നിലയാണ്. ഇത് ടൂറിസത്തെയും ബാധിക്കും. ഇപ്പോൾ തന്നെ ഏതാനും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വിദ്യാലയങ്ങൾ തുറന്നു കഴിഞ്ഞാൽ നിരവധി കുട്ടികളാണ് ഇതുവഴി സഞ്ചരിക്കുന്നത്. വെള്ളം കയറിയാൻ കുരുന്നുകളുടെ യാത്രയ്ക്കും ഭീഷണിയാകും.