alappuzha-japthi

TOPICS COVERED

ചേർത്തല പട്ടണക്കാട് ഭവനവായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ സ്വകാര്യ ധനകാര്യ സ്ഥാപനം പട്ടികജാതി കുടുംബത്തിന്റെ ലൈഫ് പദ്ധതിയിൽ നിർമിച്ച വീട് ജപ്തി ചെയ്തു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ജപ്തി നോട്ടീസ് പതിപ്പിച്ച ശേഷം വീടു പൂട്ടിപ്പോയത്. പട്ടണക്കാട് വാര്യത്ത് ലക്ഷംവീട്ടിൽ സുനിൽകുമാറിന്റെയും ദർശിനിയുടെയും  വീടാണ് ജപ്തി ചെയ്തത്.

സ്വന്തമായുണ്ടായിരുന്ന കിടപ്പാടം സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്തതിനാൽ എങ്ങോട്ടു പോകുമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. കൂലിപ്പണിക്കാരനായ സുനിൽ കുമാറും ഭാര്യ ദർശിനിയും 18 കാരിയായ മകളും പ്രായമായ അമ്മയും ആണ് പട്ടണക്കാട് വാര്യത്ത് ലക്ഷം വീട്ടിൽ താമസിക്കുന്നത്. സുനിൽകുമാറിന് കാലിന് അസുഖമായതിനാൽ വല്ലപ്പോഴുമേ ജോലിക്ക് പോകുന്നുള്ളു. 80 വയസുള്ള അമ്മയും രോഗിയാണ്. ദർശിനി ഒരു തുണിക്കടയിൽ ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടു വേണം വായ്പ തിരിച്ചടയ്ക്കാനും ചികിൽസ നടത്താനും . പണമില്ലാത്തതിനാൽ പ്ലസ്ടുവിനു ശേഷം മകളുടെ പഠനം മുടങ്ങി.

ലൈഫ് പദ്ധതിയിൽ നിന്നും കിട്ടിയ തുക ഉപയോഗിച്ചാണ് വീടുനിർമാണം തുടങ്ങിയത്. വീടുപൂർത്തിയാക്കുന്നതിന് ഗൃഹം ഹൗസിങ്ങ് ഫിനാൻസ് എന്ന കമ്പനിയിൽ നിന്ന് വായ്പയടുത്തു.  എന്നാൽ കുറച്ചു മാസങ്ങളായി തരിച്ചടവ് മുടങ്ങി. ഇതേ തുടർന്നാണ് കോടതി ഉത്തരവുമായി  സ്വകാര്യ ധനകാര്യ കമ്പനി പ്രതിനിധികൾ എത്തി വീട് പൂട്ടിയത്.

വീട് നിർമിച്ചു കൊണ്ടിരുന്നപ്പോൾ താമസിച്ച ഒറ്റ മുറി ഷെഡിലാണ് ഇപ്പോൾ കഴിയുന്നത്. രോഗം ബാധിച്ച അമ്മയെ ബന്ധു വീട്ടിലേക്ക് മാറ്റി. കഴിഞ്ഞ രാത്രി കനത്ത മഴയിൽ ഷെഡ് ചോർന്നപ്പോൾ ധനകാര്യ സ്ഥാപനം പൂട്ടിയിട്ട വീടിൻ്റ വാതിൽ തുറന്ന് അകത്ത് കയറിയാണ് കഴിഞ്ഞത്. ഈ ധനകാര്യ സ്ഥാപനം ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നില്ല എന്ന് ഇവർ പറയുന്നു.  പഞ്ചായത്തിലും ജില്ലാകലക്ടർക്കും മുഖ്യമന്ത്രിയുടെ കരുതലും കൈത്താങ്ങും പരിപാടിയിലും പരാതി നൽകിയിട്ടും ഫലമൊന്നുമില്ല.