സര്‍ക്കാര്‍ വീട് പ്രതീക്ഷിച്ച് വര്‍ഷങ്ങളായി വാടക വീടുകളില്‍ കഴിയുന്ന 42 നിര്‍ധന കുടുംബങ്ങളുണ്ട് കോഴിക്കോട്ട്. ചാത്തമംഗലത്ത് ലൈഫ് പദ്ധതിയില്‍ ഇവര്‍ക്കായി പണിയുന്ന ഫ്ലാറ്റിന്‍റെ നിര്‍മാണം തുടങ്ങിയിട്ട് എട്ടുവര്‍ഷം കഴിഞ്ഞു. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പാതി വഴിയില്‍ നിര്‍മാണം നിര്‍ത്തിയതോടെ ഒരു വീടെന്ന ഇവരുടെ സ്വപ്നവും നിലച്ചു.
വിവാഹശേഷമാണ് സുബൈദ ചാത്തമംഗലത്തെത്തിയത്. അന്നുമുതല്‍ വാടകവീട്ടിലാണ് താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്കില്‍ നിന്ന് 50000 രൂപയെടുത്ത് ചെറിയ വീട് വെച്ചു. വായ്പ തിരച്ചടയ്ക്കാത്തതുകാരണം വീട് ജപ്തിയായി. ഒടുവില്‍ അത് വിറ്റ് കടം വീട്ടി. പിന്നെയും വാടക വീട്ടിലേക്ക്. ലൈഫ് പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ആശ്വസിച്ചു. പക്ഷെ അതിലും നിരാശ മാത്രം.
സുബൈദയെപ്പോലെ സ്വന്തമായി സ്ഥലവും വീടുമില്ലാത്ത 42 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനായാണ് പഞ്ചായത്ത് വെള്ളന്നൂരില്‍ ഒരേക്കര്‍ ഭൂമി വിട്ടുനല്‍കിയത്. എട്ടുവര്‍ഷം മുമ്പ് ഫ്ലാറ്റിന്‍റെ പണിയും തുടങ്ങി. അഞ്ചുകോടിലധികം രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കിയത്. പക്ഷെ അനുവദിച്ച ഫണ്ട് തീര്‍ന്നതോടെ പണിയും നിലച്ചു. എഴായിരം രൂപ വരെയാണ് പലരും വാടകയായി നല്‍കുന്നത്. നിര്‍മാണചുമതല ലൈഫ് മിഷനായതിനാല്‍ പണിയെന്ന് പുനരാരംഭിക്കുമെന്ന് പഞ്ചായത്തിനും പറയാനാകുന്നില്ല.