കോടതി വിധികൾ പലതുണ്ടായിട്ടും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിന്റെ ദുരിതത്തിലാണ് റാന്നി ഉതിമൂട് സ്വദേശി എം.സി.മാത്യുവും കുടുംബവും. മൈലപ്രാ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച 75 ലക്ഷം രൂപയാണ് വർഷങ്ങളായി തിരികെ ലഭിക്കാത്തത്. ബാങ്കിന്റെ സ്വത്തുക്കൾ കോടതി അറ്റാച്ച് ചെയ്തിട്ടും പണം ലഭിച്ചില്ലെന്നാണ് പരാതി. സർക്കാരിന്റെ ഇടപെടൽ തേടുകയാണ് കുടുംബം.
സ്വരുക്കൂട്ടിയ സമ്പാദ്യം വിശ്വസിച്ച് ഏൽപ്പിച്ചത് സഹകരണ ബാങ്കിൽ, പക്ഷേ വർഷങ്ങൾ പിന്നിട്ടിട്ടും പണം മാത്രം തിരികെ ലഭിച്ചില്ല. റാന്നി ഉതിമൂട് മനപ്പുറത്ത് വീട്ടിൽ എം.സി. മാത്യുവിനും കുടുംബത്തിനും പറയാനുള്ളത് നീതി ലഭിക്കാത്തതിന്റെ ഈ ദുരിതകഥയാണ്.
നിക്ഷേപകരുടെ പരാതിയിൽ പൊലീസ് ക്രിമിനൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിച്ച മാത്യുവിന് അനുകൂലമായിരുന്നു വിധി. ഒരു മാസത്തിനകം മുതലും പലിശയും കോടതി ചെലവും ഉൾപ്പെടെയുള്ള തുക നൽകണമെന്നായിരുന്നു ഉത്തരവ്.
ബാങ്കിന്റെ ഉടമസ്ഥതയിലുള്ള മൈദാ ഫാക്ടറിയും ഒന്നര ഏക്കർ സ്ഥലവും കോടതി ഉത്തരവിലൂടെ അറ്റാച്ച് ചെയ്തിട്ടും നിക്ഷേപിച്ച പണം മാത്രം തിരിച്ചുകിട്ടിയില്ല. കോടതി വിധി പോലും നടപ്പാകാത്ത സാഹചര്യത്തിൽ ഇനി സർക്കാരിന്റെ ഇടപെടലാണ് കുടുംബത്തിന്റെ പ്രതീക്ഷ.