കാഞ്ഞിരപ്പള്ളി മണിമല കുളത്തൂര്‍മൂഴി റോഡ് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ യാത്രക്കാര്‍ വലയുന്നു. മണ്ണനാനിയില്‍ കലുങ്ക് നിര്‍മാണത്തിനായി റോഡ് അടച്ചതോടെ നാട്ടുകാര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കണം.
കഴിഞ്ഞ മേയ് 21നാണ് കലുങ്ക് നിര്‍മാണത്തിനായി മണ്ണനാനിയില്‍ റോഡ് അടച്ചത്. ഇത്രയും നാളായിട്ടും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം ഇഴയുന്നു. കാഞ്ഞിരപ്പള്ളി ബൈപ്പാസ് മേല്‍പ്പാലത്തിനായുളള തൂണിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കുരിശുങ്കലിലും റോഡ് അടച്ചിരുന്നു. ഈ റോഡിലെ 25 കലുങ്കുകളില്‍ രണ്ട് കലുങ്കുകളുടെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്.
മണ്ണനാനിയില്‍ റോഡ് അടച്ചതോടെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മണിമലയിലേക്കുള്ള ബസ് യാത്രക്കാര്‍ വലയുകയാണ്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ടി.ബി. റോഡിലൂടെ മണ്ണാറക്കയത്ത് എത്തി മണ്ണംപ്ലാവില്‍ പ്രവേശിച്ച് മൂന്നാം മൈലില്‍ നിന്ന് തിരിഞ്ഞ് തെക്കേത്തുകവല വഴിയാണ് മണിമയില്‍ എത്തുന്നത്. കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡ് നിര്‍മാണവും വൈകുകയാണ്.