പത്തനംതിട്ട കുളത്തുമണ്ണിൽ ഇന്നലെ പിടിയിലായ കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ ലാബിൽ എത്തിച്ചു. തൽക്കാലം  ഉൾവനത്തിൽ തുറന്നുവിടേണ്ട എന്നാണ് തീരുമാനം. കരിമ്പുലിയെ മൃഗശാലയിൽ നിർത്താനും ആലോചനയുണ്ട്.

ഇന്നലെ വൈകിട്ടാണ് പത്തനംതിട്ട കുളത്തുമണ്ണിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി വീണത്. നാട്ടുകാരെ ഏറെക്കാലമായി ഭയപ്പെടുത്തിയിരുന്ന പുലിയാണിത്. രാത്രി തന്നെ വനപാലകരെത്തി കൂട് പിക്കപ്പ് വാനിലാക്കി മലയിറങ്ങി. പുലർച്ചയോടെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. 

ആരോഗ്യ പരിശോധനയ്ക്ക് ശേഷം കാട്ടിൽ തുറന്നുവിടുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഡിഎഫ്ഒ പറഞ്ഞത്. എന്നാൽ കരിമ്പുലി അപൂർവ്വ ഇനമായതിനാൽ തൽക്കാലം തുറന്നുവിടേണ്ട എന്നാണ് തീരുമാനം. വിശദമായ പരിശോധനകൾക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അവസരം ഒരുക്കും.   

കലഞ്ഞൂരിൽ ആദ്യമായി ഇതിനെ കാണുമ്പോൾ ഒപ്പം ഒരു പുള്ളിപ്പുലിയും ഉണ്ടായിരുന്നു. കൂടുതൽ പുലികൾ കലഞ്ഞൂരിൽ തുടരുന്നുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് വർഷത്തിനുള്ളിൽ കലഞ്ഞൂരിൽ കൂടുവെച്ചു പിടിക്കുന്ന നാലാമത്തെ പുലിയാണിത്. ഇതിനുമുമ്പ് പിടിച്ചത് മൂന്നും പുള്ളിപ്പുലികളായിരുന്നു. പുള്ളിപ്പുലിയുടെ ശരീരത്തിൽ മെലാനിൻ പിഗ്മെന്റ് കൂടി കറുപ്പ് നിറമാകുന്നതാണ് കരിമ്പുലി. ശരീരത്തിൽ സൂക്ഷിച്ചു നോക്കിയാൽ പുള്ളികൾ കാണാം. 

ENGLISH SUMMARY:

Pathanamthitta black panther captured in Kerala has been shifted to the Puthur Zoological Park for further observation and medical examination instead of being released into the wild. Authorities are considering keeping the rare animal in the zoo for public exhibition after detailed health checks.