പത്തനംതിട്ട അടൂർ നെടുങ്കുന്നിമല മണ്ണെടുപ്പ് ഭീഷണിയിൽ. വർഷങ്ങളായി നാട്ടുകാർ പ്രതിരോധിച്ച് നിന്നിട്ടും പലഭാഗത്തും മല തുറന്നു തുടങ്ങി. മണ്ണെടുപ്പ് സജീവമായതോടെ ഉരുൾപൊട്ടൽ ഭീതിയിലാണ് നാട്ടുകാർ.
പത്തനംതിട്ട ഏരത്ത് പഞ്ചായത്ത് പതിനാറാം വാർഡിലാണ് നെടുങ്കുന്നിമല സ്ഥിതി ചെയ്യുന്നത്. ആയിരത്തിലധികം അടി ഉയരമുള്ള വിസ്തൃതമായ ഈ മലയ്ക്ക് മഹാഭാരതവുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങളടക്കമുണ്ട്. 2022 ലാണ് ഇവിടെ ആദ്യമായി മണ്ണെടുപ്പിനുള്ള ശ്രമം തുടങ്ങിയത്. അന്ന് നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെ ആർഡിഒ ഇടപെട്ട് മണ്ണെടുപ്പ് തടഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ മലയുടെ പടിഞ്ഞാറ് ഭാഗത്ത് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതിന് തൊട്ടുമുകളിൽ 25,000 ലിറ്റർ വെള്ളം സംഭരിക്കുന്ന വാട്ടർ ടാങ്കുണ്ട്. മണ്ണെടുപ്പ് കാരണം ഈ വാട്ടർ ടാങ്കും ഇപ്പോൾ തകർച്ചാ ഭീഷണിയിലാണ്.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മലയുടെ മറുഭാഗത്ത് വിഭാവനം ചെയ്തിട്ടുള്ള ടൂറിസം പദ്ധതിക്കും ഈ മണ്ണെടുപ്പ് വലിയ ഭീഷണിയാണ്. മുൻപ് എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രദേശത്ത് കൊടികുത്തി സമരം നടത്തിയിരുന്നു. ഒടുവിൽ മറ്റ് വഴികളില്ലാതെ വന്നതോടെ നാട്ടുകാർ ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. മണ്ണെടുപ്പ് തർക്കത്തിൽ ആവശ്യമായ നടപടിയെടുക്കാൻ ഹൈക്കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെങ്കിലും രണ്ടു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.