മുഴുവൻ ചുമതലകളും വനിതകൾ തന്നെ നിർവഹിച്ച് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വനിതാ ദിനാചരണം. റെയിൽവേ സ്റ്റേഷനിലെ ട്രാഫിക് വിഭാഗം പൂർണമായി വനിതകൾ കയ്യടക്കി. വൈകിട്ട് 8 വരെ പതിവു പോലെ തന്നെ സ്റ്റേഷനിലെ ട്രെയിനുകളുടെ വരവും പോക്കും ഷണ്ടിങ്ങുമെല്ലാം വനിതാ ജീവനക്കാർ നിയന്ത്രിച്ചു.
വനിതാ ഉദ്യോഗസ്ഥർ റയില്‍വേ സ്റ്റേഷനിലെ ട്രാഫിക് ഡ്യൂട്ടികൾ ചെയ്യാറുള്ളതാണെങ്കിലും എല്ലാവരും ഒന്നിച്ച് ഇന്നലെ ഡ്യൂട്ടി ചെയ്തതോടെ അത് പുതുചരിത്രമായി. രാവിലെ 10ന് ആലപ്പുഴ സ്റ്റേഷൻ മാനേജർ എസ്.ശ്യാംകുമാർ, എം.ആര്യയ്ക്കു സ്ഥാനം കൈമാറി. സ്റ്റേഷൻ മാസ്റ്റർമാരായ എസ്.അശ്വതി പാനൽ ഡ്യൂട്ടിയും സി.ആർ.പ്രിയ ബ്ലോക്ക് ഡ്യൂട്ടിയും ഏറ്റെടുത്തു. അശ്വതി, ഭർത്താവ് കൂടിയായ സ്റ്റേഷൻ മാസ്റ്റർ വൈശാഖിൽ നിന്നാണു ഡ്യൂട്ടി ഏറ്റെടുത്തതെന്ന പ്രത്യേകതയുമുണ്ട്. റെയിൽവേ സ്റ്റേഷനു സമീപത്തെ ലവൽ ക്രോസുകളിൽ ബിൻസി ജോസ്, ആർ.എം.രതികല എന്നിവരായിരുന്നു ഡ്യൂട്ടിയിൽ. ഷണ്ടിങ് മാസ്റ്റർ വി.മനോജിൽ നിന്ന് അർച്ചന ശ്രീധർ ട്രെയിനുകളുടെ ഷണ്ടിങ് ചുമതല ഏറ്റുവാങ്ങി. ജി.സവിത, വി.സിജി എന്നിവരായിരുന്നു ഷണ്ടിങ് സഹായികൾ.
വനിതകള്‍ ചുമതല ഏറ്റുവാങ്ങിയതിനു പിന്നാലെ ആലപ്പുഴ– കൊല്ലം മെമു തിരികെയുള്ള യാത്രയ്ക്കു തയാറാക്കി നിർത്തി. ഇതിനിടെ ചെന്നൈ – ആലപ്പുഴ എക്സ്പ്രസ് ട്രെയിനും സ്റ്റേഷനിലേക്കെത്തി. ഉച്ചയ്ക്കുള്ള വന്ദേഭാരതും നേത്രാവതി എക്സ്പ്രസും ഉൾപ്പെടെ സ്റ്റേഷനിലേക്കു പ്രവേശിച്ചതും യാത്ര തുടര്‍ന്നതും വനിതകള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു.