ലക്ഷദീപ പ്രഭയിൽ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. ആറ് വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ച വിരുന്നിന് അനന്തപുരി സാക്ഷിയായി. ലക്ഷദീപം തെളിച്ചതോടെ അൻപത്തി ആറ് ദിവസമായി തുടർന്ന മുറജപത്തിനും സമാപനമായി.
ആഴിയുമൂഴിയും ഒരുപോലെ അതിർവരമ്പിടുന്ന അനന്തപുരി. സഹസ്ര കോടികൾക്ക് അൻപും ആശ്രയവും നൽകുന്ന സാക്ഷാൽ ശ്രീപത്മനാഭൻ. അകവും പുറവും നിറയുന്ന ലക്ഷദീപ പ്രഭ. കഴിഞ്ഞ നവംബർ ഇരുപതിന് ആരംഭിച്ച മുറജപത്തിന് സമാപനം കുറിച്ചാണ് ലക്ഷം ദീപങ്ങൾ തെളിച്ചത്. മതിലകത്ത് എണ്ണ വിളക്കുകളും ക്ഷേത്രത്തിന് പുറത്ത് വൈദ്യുത വിളക്കുമാണ് തെളിച്ചത്. ആറരയോടെ നിലവിളക്കിൽ ആദ്യ ദീപം തെളിച്ചു. പിന്നാലെ ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ. അങ്ങനെ അകത്തും പുറത്തും പ്രഭാപൂരം. പത്മതീര്‍ഥക്കുളത്തില്‍ ക്ഷേത്രത്തിന്‍റെ വര്‍ണവിസ്മയം അതേമട്ടില്‍. ലക്ഷദീപ പ്രഭ കണ്ണിലേക്ക് ആവാഹിക്കാനെത്തിയവരും ലക്ഷം കടക്കും.
ഭരണത്തിൽ മനപൂർവമല്ലാതെ സംഭവിച്ച പിഴവുകൾക്ക് പരിഹാരമായി തിരുവിതാംകൂർ രാജവംശമാണ് മുറജപച്ചടങ്ങുകൾ തുടങ്ങിയത്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് 1750 ലാണ് ആദ്യ ലക്ഷദീപം തെളിച്ചതെന്ന് ചരിത്രം.