കൃഷിമന്ത്രി പറഞ്ഞിട്ടും മില്ലുടമകൾ നിലപാട് മാറ്റാത്തതിനാൽ ആലപ്പുഴ കരുമാടിയിൽ കൊയ്തെടുത്ത നെല്ല് റോഡരികിൽ കിടന്ന് നശിക്കുന്നു. നെല്ല് സംഭരണം നടക്കാതായതോടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലെന്ന് കർഷകർ. ഒരു ക്വിൻ്റൽ നെല്ലിന് 12 കിലോ കിഴിവാണ് ഇപ്പോൾ മില്ലുകാർ ആവശ്യപ്പെടുന്നത്.
അമ്പലപ്പുഴ കരുമാടി നടുക്കേമേലത്തും കരി പാടശേഖരത്തെ 54 ഓളം കർഷകരാണ് നെല്ല് സംഭരണം തടസ്സപ്പെട്ടതോടെ പ്രതിസന്ധിയിലായത്. 5 ദിവസം മുൻപാണ് കൊയ്ത്ത് പൂർത്തിയായത്. മില്ലുടമകളുടെ ഏജൻ്റ് എത്തി 7 കിലോ കിഴിവാണ് ആവശ്യപ്പെട്ടത്. സംഭരണം തടസ്സപ്പെടാതിരിക്കാൻ 3 കിലോ കിഴിവ് നൽകാമെന്ന് കർഷകർ പറഞ്ഞെങ്കിലും ഇടനിലക്കാർ അംഗീകരിച്ചില്ല. മന്ത്രി പി. പ്രസാദിനെ നേരിൽക്കണ്ട് കർഷകർ ദുരിതമറിയിച്ചു. തുടർന്ന് ഉന്നതോദ്യോഗസ്ഥർ പാടശേഖരത്തെത്തി നെല്ലിൻ്റെ ഗുണ നിലവാരം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. 12 കിലോ കിഴിവാണ് ഇപ്പോൾ മില്ലുകൾ ആവശ്യപ്പെടുന്നത്. ഇത്രയും കിഴിവ് നൽകാൻ തയ്യാറല്ലെന്നും നെല്ല് പാഡി മാർക്കറ്റിംഗ് ഓഫീസിലിട്ട് കത്തിച്ചു കളയുമെന്നും കർഷകർ പറയുന്നു.
സംഭരണം തടസ്സപ്പെട്ടതോടെ പതിമൂവായിരം ക്വിൻ്റൽ നെല്ലാണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. എല്ലാ ദിവസവും പകൽ ഉണക്കിയെടുക്കുന്ന നെല്ല് രാത്രിയിൽ മൂടിയിടും. എത്ര നാൾ ഇത് തുടരുമെന്നാണ് കർഷകർ ചോദിക്കുന്നത്.