പത്തനംതിട്ട നാരങ്ങാനത്ത് ദലിത് സ്ത്രീയുടെ വീട് നിര്‍മാണത്തിന് അനുവദിച്ച പണം സിപിഎം നേതാക്കള്‍ കൂടിയായ രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ തട്ടിയെടുത്തതില്‍ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപണം. അംഗങ്ങള്‍ക്കെതിരെ വഞ്ചനാ കേസ് എടുക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ നിര്‍ദേശം വന്നിട്ട് ഏഴ് മാസം കഴിഞ്ഞു. വീട്ടുടമായ സരസമ്മ മൂന്ന് വര്‍ഷമായി നീതി തേടി അലയുകയാണ്.
പഞ്ചായത്ത് അംഗങ്ങള്‍ പണം തട്ടിയെടുത്തതോടെ സരസമ്മയുടെ വീട് പണി താളം തെറ്റി. തട്ടിക്കൂട്ടി പണിഞ്ഞ് വീടിനകത്ത് മുഴുവന്‍ ചോര്‍ച്ചയായി. വീടിനകത്ത് താമസിക്കാന്‍ പോലും കഴിയില്ല. 2021– 22 സാമ്പത്തിക വര്‍ഷത്തിലാണ് നാരങ്ങാനം പഞ്ചായത്ത് സരസമ്മയ്ക്ക് വീട് പുനരുദ്ധാരണത്തിന് 35000 രൂപ അനുവദിച്ചത്. പഞ്ചായത്തംഗം ആബിദാ ഭായി ഈ പണം തട്ടിയെടുത്തു. മലനാട് മില്‍ക് സൊസൈറ്റി സഹായമായി നല്‍കിയ 25000രൂപ ആബിദയും മറ്റൊരു പഞ്ചായത്തംഗമായ ബെന്നി ദേവസ്യയും കൈക്കലാക്കി. പണി പൂര്‍ണമായും തീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നും പിന്നെ തിരിഞ്ഞു നോക്കിയില്ലെന്നും സരസമ്മ പറയുന്നു.
വീടുപണിക്കുള്ള പാറപ്പൊടി വീട്ടിനകത്തുണ്ട്. ഷീറ്റിട്ടെങ്കിലും മഴവെള്ളം വീണ് രൂപപ്പെട്ട കുഴികള്‍ വീട്ടിനുള്ളില്‍ കാണാം. തന്‍റെ പേരില്‍ വ്യാപകമായി പിരിവു നടത്തിയതായും സരസമ്മ പറയുന്നു. പണംവാങ്ങി ചില തട്ടിക്കൂട്ടു പണികള്‍ നടത്തിയിട്ടുണ്ട്. പട്ടികജാതി കമ്മിഷന്‍ ഉത്തരവിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞ ജൂണ്‍ 20ന് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.