കൊല്ലം ജില്ലാ ആശുപത്രിയുടെ പ്രധാന ബ്ലോക്കിന്‍റെ കെട്ടിടവും അപകടാവസ്ഥയില്‍. കെട്ടിടത്തിന്‍റെ സീലിങ്ങ് ഇളകി വീഴാന്‍ സാധ്യതയുണ്ടെന്നു ആശുപത്രി അധികൃതര്‍ തന്നെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ദിനംതോറും അയ്യാരിത്തിലേറെ രോഗികള്‍ എത്തുന്ന കെട്ടിടമാണ് അപകടാവസ്ഥയിലായിട്ടുള്ളത്.
കൊല്ലം ജില്ലാ ആശുപത്രി കവാടം കടന്നു അകത്തേക്ക് കടക്കുമ്പോള്‍ ആദ്യം കാണുന്ന കെട്ടിടമാണ്. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയം. വശങ്ങളിലേക്ക് ചെല്ലുമ്പോഴാണ് അപകടാവസ്ഥ നേരില്‍ കാണാന്‍ കഴിയുന്നത്. സീലിങ്ങ് പാടെ അടര്‍ന്നു വീണിരിക്കുന്നു. മറ്റു ഭാഗങ്ങളും ഏതു നിമിഷവും അടര്‍ന്നു വീഴാനുള്ള സാധ്യതയുമുണ്ട്. ആശുപത്രിയി എത്തുന്നവരുടെ ദേഹത്തേക്കും വീഴാന്‍ സാധ്യതയുള്ളതിനാലാണ് ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാകണമെന്ന് ആശുപത്രി വികസന സമിതി ആവശ്യപ്പെടുന്നു. പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നാണ് അധികൃതരുടെ വിശദീകരണം. ആറുമാസം മുന്‍പ് തറക്കല്ലിട്ട കെട്ടിടം രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പറയുന്നത്.