ആലപ്പുഴയിൽ ഭീതി പരത്തി വീണ്ടും മാലകവർച്ചാ സംഘം. ജില്ലയിൽ രണ്ടിടങ്ങളിൽ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം യുവതികളുടെ മാല പൊട്ടിച്ചു. കോർത്തുശ്ശേരിയിൽ സ്കൂട്ടർയാത്രക്കാരിയുടെ മൂന്നരപ്പവന്റെ മാലയാണ് കവർന്നത്. ചേർത്തല കുത്തിയതോട്ടിലും മാല പൊട്ടിച്ചത് ഇതേ സംഘം തന്നെയാണെന്നാണ് പൊലിസ് നിഗമനം. മാലക്കള്ളൻമാരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇടവേളയ്ക്കു ശേഷമാണ് ആലപ്പുഴയിൽ ബൈക്കിലെത്തി മാല കവർച്ച നടത്തുന്ന സംഘം വീണ്ടുമെത്തിയത്. ആലപ്പുഴ കോർത്തുശ്ശേരിയിൽ ആൾ സഞ്ചാരം കുറഞ്ഞ റോഡിലാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല ബൈക്കിൽ എത്തിയവർ പൊട്ടിച്ചെടുത്ത് കടന്നത്. കാട്ടൂർ വെളിയിൽ വീട്ടിൽ മെഴ്സിയുടെ മൂന്നരപ്പവന്‍റെ മാലയാണ് നഷ്ടമായത്. തീരദേശത്തേക്കുള്ള റോഡിൽ ബൈക്ക് വളയ്ക്കാൻ ശ്രമിക്കുന്ന ഭാവത്തിൽ മോഷ്ടക്കൾ വേഗത കുറച്ചപ്പോൾ പിന്നാലെ വന്ന മേഴ്സിയും സ്കൂട്ടറിന്‍റെ വേഗം കുറച്ചു. ഇതിനിടെ ബൈക്കിന് പിന്നിലിരുന്നയാൾ ഇറങ്ങി മാല പൊട്ടിക്കുകയായിരുന്നു. തടയാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിൽ നിന്ന് വീണ മെഴ്‌സി പിന്നാലെ ഓടാൻ ശ്രമിച്ചെങ്കിലും കള്ളൻമാർ കടന്നു. പരുക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സതേടി. മാലപിടിച്ചുപറിച്ചതിൽ മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. ചേർത്തലയ്ക്കടുത്ത് കുത്തിയതോട്ടിലും സമാനരീതിയിൽ കവർച്ച ശ്രമം നടന്നു. എന്നാൽ ഇവിടെ ശ്രമം വിജയിച്ചില്ല.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി . രണ്ടിടത്തും കവർച്ചയ്ക്കെത്തിയത് ഒരേ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. മാസങ്ങൾക്ക് മുൻപ് ആഡംബര ബൈക്കിൽ എത്തി ആലപ്പുഴയിൽ മാലക്കവർച്ച നടത്തിയിരുന്ന ആലുവ സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു.