കൊല്ലം തിരുമുല്ലവാരം മനയിൽകുളങ്ങരയിൽ ആൾതാമസമില്ലാത്ത വീടിന് പുറകിലായി മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. മധ്യവയസ്കനായ പുരുഷന്റെ മാസങ്ങൾ പഴക്കമുള്ള ശരീര അവശിഷ്ടങ്ങളാണെന്ന് പ്രാഥമിക നിഗമനം. സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം..

തേങ്ങയിടാൻ എത്തിയവരാണ് വീടിന് പുറകിലായി അസ്ഥികൂടം കണ്ടത്. പാന്റും നീല ഷർട്ടും ധരിച്ച നിലയിലായിരുന്നു ശരീര അവശിഷ്ടങ്ങൾ കിടന്നിരുന്നത്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മധ്യവയസ്കനായ പുരുഷന്റെ മാസങ്ങൾ പഴക്കമുള്ള ശരീരമാണെന്നതാണ് പ്രാഥമിക നിഗമനം. ശരീരം പൂർണമായും ജീർണിച്ച് അസ്ഥികൂടം മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്.

സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യപിതാവായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥതയിലാണ് വീടുള്ളത്. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വീട്ടിൽ നാലു മാസം മുൻപാണ് ബന്ധുക്കൾ എത്തി മടങ്ങിയത്. വീട് ഒരു നാടക ഗ്രൂപ്പിന് വാടകക്ക് കൊടുത്തിരുന്നതായും വിവരമുണ്ട്. അസ്ഥികൂടം ആദ്യം കണ്ടവർ ആർട്ടിഫിഷ്വൽ ആണെന്ന് തെറ്റിദ്ധരിച്ചെങ്കിലും ദുർഗന്ധം വമിച്ചത് കാരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ശരീര അവശിഷ്ടങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Kollam skeleton discovery unveils human remains found near an abandoned house in Kollam, triggering a forensic investigation. Police are investigating the incident to determine the identity of the skeleton and the circumstances surrounding its discovery.