കാട്ടുപന്നികള്‍ തിരുവനന്തപുരത്തെ മലയോരത്തെ പൊറുതിമുട്ടിക്കുമ്പോള്‍ ഷൂട്ടര്‍മാരെ വച്ച് വെടിവയ്ക്കാന്‍ ഫണ്ടില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞ് പഞ്ചായത്തുകള്‍. ഒരുമാസത്തിനിടെ പത്തുപേര്‍ക്കാണ് കാട്ടുപന്നി ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. കൃഷി സ്ഥലങ്ങള്‍ ഉഴുത് മറിക്കുകയാണ് കാട്ടു പന്നിക്കൂട്ടം.
വാഹനാപകടത്തില്‍ പല്ലുകള്‍ നഷ്ടപ്പെട്ട് മുഖം മുഴുവന്‍ തുന്നലിട്ട് ദേഹമാസകലം പരുക്കേറ്റ് വിശ്രമത്തിലാണ് വെളിയന്നൂര്‍ സ്വദേശി സോമന്‍ .സ്കൂട്ടര്‍ വെറുതെയങ്ങ് മറിഞ്ഞതല്ല. കാട്ടു പന്നിക്കൂട്ടം കൂട്ടത്തോടെയെത്തി തളളിമറിച്ചിട്ടതാണ്.
ഗുുതരമായി പരുക്കേറ്റ സുഹൃത്ത് പ്രസന്നന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണിപ്പോഴും. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് അഞ്ചുപൈസ കിട്ടിയിട്ടില്ല ചികില്‍സാ സഹായമായി പോലും. ഇങ്ങനെ കാട്ടുപന്നികളുടെ തേറ്റയില്‍ പിടഞ്ഞു തീരുന്ന നിരവധി മനുഷ്യരുണ്ടിവിടെ.
കൃഷിയിടങ്ങളില്‍ ട്രാക്ടറിന്‍റെ ആവശ്യമില്ല. കാട്ടു പന്നിക്കൂട്ടം നന്നായി ഉഴുതിട്ട് പൊയ്ക്കോളും. ഉഴമലയ്ക്കല്‍, വിതുര ,തൊളിക്കോട്, പെരിങ്ങമല , കല്ലറ, പാങ്ങോട്, വാമനപുരം, അരുവിക്കര, പഞ്ചായത്തുകള്‍ നെടുമങ്ങാട് നഗരസഭാ പരിസരം എല്ലായിടത്തും കാട്ടു പന്നികളുടെ വിളയാട്ടമാണ്. ആക്രമണകാരികളായ കാട്ടു പന്നികളെ വെടിവച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. ഇനിയും മനുഷ്യ ജീവനുകള്‍ അപകടത്തിലാകും മുമ്പ് ആ അധികാരം ഉപയോഗിക്കണമെന്നാണ് ജനം ആവശ്യ്രപ്പെടുന്നത്.