തിരുവനന്തപുരം കോര്‍പറേഷനില്‍ ഭീഷണിയായി ഇറങ്ങിയ വിമതര്‍ മുന്നണികള്‍ക്ക് തലവേദനയായി. മൂന്നു മുന്നണികള്‍ക്കും ഒരു സീറ്റെങ്കിലും നഷ്ടപ്പെടാന്‍ കാരണമായത് വിമതരുടെ വോട്ടാണ്. പൗണ്ടുകടവില്‍ കോണ്‍ഗ്രസ് വിമതന്‍ എസ്.എസ് സുധീഷിന്റെ വിജയം മുന്നണികളെ ഞെട്ടിച്ചു. അതേസമയം, യുഡിഎഫില്‍ ഒച്ചപ്പാടുണ്ടാക്കി ഒറ്റയ്ക്ക് മത്സരിച്ച കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നിലംതൊട്ടില്ല.
റിബലുകളെ പുച്ഛിച്ച് തള്ളിയായിരുന്നു തിരുവനന്തപുരം കോര്‍പറേഷനുകള്‍ മുന്നണികള്‍ മുന്നേറിയത്. വിജയം കെടുത്തുക മാത്രമല്ല, റിബലായി വിജയിക്കാനും കഴിയുമെന്ന് അതില്‍ ഒരാള്‍ തെളിയിച്ചു. മുസ്‍ലിംലീഗിന് നല്‍കിയ പൗണ്ടുകടവില്‍ മത്സരിച്ച കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് എസ്.എസ് സുധീഷ് കുമാര്‍. ലീഗ് സ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്താക്കി മൂന്നുമുന്നണികളെയും പിന്നിലാക്കി 750 വോട്ടിനാണ് സുധീഷ് വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിലുള്ള വിഷമം പങ്കുവയ്ക്കവെ സുധീഷ് മനോരമന്യൂസിന് മുന്‍പില്‍ വിതുമ്പിയത് ഏറെ ചര്‍ച്ചയായിരുന്നു.
കറകളഞ്ഞ കോണ്‍ഗ്രസുകാരനായ സുധീഷിനെ ഒപ്പം കൂട്ടാന്‍ ഇനി പാര്‍ട്ടി ശ്രമിച്ചേക്കും. പുഞ്ചക്കരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് വിമതയായിരുന്ന എ.ജി കൃഷ്ണവേണി രണ്ടാം സ്ഥാനത്തെത്തി. ശക്തമായ മത്സരം നടന്ന വാഴോട്ടുകോണത്ത് സിപിഎം സ്ഥാനാര്‍ഥി ഷാജി ബിജെപിയുടെ ആര്‍. സുഗതനോട് പരാജയപ്പെട്ടത് വെറും 58 വോട്ടിനാണ്. ഇവിടെ സിപിഎം വിമതന്‍ കെ.വി മോഹനന്‍ നേടിയത് 636 വോട്ട്. അതേസമയം, ഉള്ളൂരില്‍ വിമതനായി ഇറങ്ങിയ ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് കെ. ശ്രീകണ്ഠന്‍ 589 വോട്ട് പിടിച്ചെങ്കിലും സിപിഎം സീറ്റ് നിലനിര്‍ത്തി. കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണമുയര്‍ത്തി ചെമ്പഴന്തിയില്‍ വിമതയായി മത്സരിച്ച ആനി അശോകന് കിട്ടിയത് വെറും 38 വോട്ടാണ്. കവടിയാറില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കെ.എസ്.ശബരിനാഥന്റെ വിജയം 74 വോട്ടിനാണ്. ഇവിടെ ബി.ജെ.പി വിമതന്‍ സന്തോഷ് കുമാര്‍ നേടിയത് 104 വോട്ടും. യുഡിഎഫില്‍ ഏറെ കലാപം ഉണ്ടാക്കി അഞ്ചിടത്ത് ഒറ്റയ്ക്ക് മത്സരിച്ച കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് എല്ലായിടത്തും കിട്ടിയത് 500 വോട്ടാണ്. വിമത ഭീഷണി ഇതുകൊണ്ട് തീരുന്നില്ല. സ്ഥാനാര്‍ഥിയുടെ നിര്യാണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച വിഴിഞ്ഞത്ത് യുഡിഎഫിനും എല്‍ഡിഎഫിനും വിമതരുണ്ട്.