ജപ്തി ഭീഷണി; പത്തനംതിട്ട കലക്ടറേറ്റിലെ ഔദ്യോഗിക വാഹനം മാറ്റി

പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനം കലക്ടറേറ്റില്‍ കാണാനില്ല. ആരും കടത്തിക്കൊണ്ടു പോയതല്ല. ജപ്തി ഭയന്ന് മാറ്റിയിരിക്കുകയാണ് വാഹനം. 

ഏതാനും ദിവസങ്ങളായി ഔദ്യോഗിക വാഹനം അപ്രത്യക്ഷമായിട്ട്. 2008ല്‍ പത്തനംതിട്ട റിംഗ് റോഡ് നിര്‍മാണത്തിന് ഏറ്റെടുത്ത മൂന്ന് സെന്‍റ് ഭൂമിയാണ് കുരുക്കായത്. 15 വര്‍ഷത്തിനിടെ ഭൂവുടമയ്ക്ക് ഏകെ ഏഴ് ലക്ഷം രൂപയാണ് കിട്ടിയത്. അവശേഷിക്കുന്ന 31 ലക്ഷം കിട്ടണമെന്ന് കാട്ടി ഭൂവുടമ നല്‍കിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്‍മേലാണ് ജപ്തി നടപടി. 

അഞ്ച് സര്‍ക്കാര്‍ വാഹനങ്ങളാണ് പട്ടികയിലുള്ളത്. നിലവില്‍ കലക്ടര്‍ മറ്റൊരു വാഹനത്തിലാണ് യാത്ര. ഇതില്‍ ബോര്‍ഡുമില്ല. കോടതി ഉദ്യോഗസ്ഥര്‍ കലക്ടറേറ്റിലെത്തി പരിശോധന നടത്തിയതോടെയാണ് അപകടം മണത്തതും വാഹനം മാറ്റിയതും. ജപ്തി നടന്നാല്‍ വാഹനം തിരിച്ചു കിട്ടുന്നത് വൈകും. കോടതി വിധിയുടെ കാര്യങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. അടിയന്തരമായി പണം കെട്ടി വച്ച് ജപ്തി ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് കലക്ടരും ഉദ്യോഗസ്ഥരും.