ആദിവാസി വിദ്യാര്‍ഥികള്‍ക്കായി അട്ടത്തോട്ടിൽ ട്രൈബല്‍ സ്കൂള്‍ നിര്‍മാണം

ശബരിമല വനമേഖലയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി അട്ടത്തോട്ടിലെ ട്രൈബല്‍ സ്കൂള്‍ നിര്‍മാണം പുരോഗമിക്കുന്നു. അടുത്ത ഓണത്തിന് മുന്‍പ് ക്ലാസുകള്‍ തുടങ്ങാമെന്നാണ് പ്രതീക്ഷ. നിലയ്ക്കലെ ശബരിമല പാര്‍ക്കിങ് ഗ്രൗണ്ടിന് എതിര്‍വശത്താണ് പുതിയ കെട്ടിടം. നിലയ്ക്കലെത്തുന്ന ശബരിമല തീര്‍ഥാടകരടക്കം കരുതുന്നത് ഉയരുന്ന കെട്ടിടം ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടതാണ് എന്നാണ്. എന്നാല്‍ അത് അട്ടത്തോട് ട്രൈബല്‍ എല്‍പി സ്കൂളാണ്. വനംവകുപ്പ് അനുവദിച്ച ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ വരുന്നത്. റീബില്‍ഡ് കേരളയില്‍പ്പെടുത്തി 8000 ചതുരശ്ര അടിയിലാണ് കെട്ടിടം. എസ്റ്റിമേറ്റ് മൂന്ന് കോടി. ഒന്നാംനിലയുടെ കോണ്‍ക്രീറ്റ് കഴിഞ്ഞു.  12 ക്ലാസ് മുറികളും ഓഫിസ് മുറികളും അടക്കമുള്ള സംവിധാനങ്ങളുണ്ട്.

ചാലക്കടം, അട്ടത്തോട്, പ്ലാപ്പള്ളി, മഞ്ഞത്തോട് ഭാഗത്തുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് സ്കൂള്‍. പെരുനാട് പഞ്ചായത്തിന്‍റെ കമ്യൂണിറ്റി സ്കൂളിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 53 കുട്ടികളുണ്ട്. സ്കൂള്‍ വരുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷ.