ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ ലക്ഷംവീട് കോളനിയിലെ പത്തുവീടുകള്‍ പുനര്‍നിര്‍മിച്ചു

കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ ലക്ഷംവീട് കോളനിയിലെ പത്തുവീടുകള്‍ പുനര്‍നിര്‍മിച്ചു. ചിറ്റിലപ്പളളി ഫൗണ്ടേഷനും സത്യസായി ട്രസ്റ്റും ചേര്‍ന്നാണ് മുപ്പതുവര്‍ഷം പഴക്കമുളള വീടുകള്‍ താമസയോഗ്യമാക്കിയത്.

ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ വെള്ളൂര്‍ വാര്‍‍ഡില്‍ മുപ്പതുവര്‍ഷം മുന്‍പാണ് രാജീവ്ഗാന്ധി ദശലക്ഷം പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി അന്‍പത്തിയൊന്നു വീടുകള്‍ നിര്‍മിച്ചത്. പലതും അപകടാവസ്ഥയിലായി ഇവിടെ കഴിയുന്നവരുടെ ദുരവസ്ഥ നിരവധി തവണ മനുഷ്യാവകാശ കമ്മിഷനില്‍ വരെ എത്തിയിട്ടും സര്‍ക്കാര്‍ തലത്തിലൊന്നും സഹായം ലഭിച്ചിരുന്നില്ല.

ഇതിനിടെയാണ് ചിറ്റിലപ്പളളി ഫൗണ്ടേഷനും സത്യസായി ഒാര്‍ഫനേജ് ട്രസ്റ്റും ഇടപെട്ടത്. ആദ്യഘട്ടമെന്നോണം പത്തുവീടുകള്‍ താമസയോഗ്യമാക്കി. ഇനി പതിനഞ്ചുവീടുകള്‍ കൂടി രണ്ടാംഘട്ടത്തില്‍ നിര്‍മിക്കും. റവന്യൂമന്ത്രി കെ. രാജന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. കോളനിയിലുളളവര്‍ക്ക് പട്ടയവും കൈവശരേഖയും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ വീടുകള്‍ നവീകരിക്കാനാണ് തീരുമാനം.