കനാല്‍ റോഡ് തകർന്നിട്ട് പത്ത് വർഷം; ശാപമോക്ഷം കാത്ത് കരുവാറ്റക്കാർ

പത്തനംതിട്ട അടൂർ കരുവാറ്റയില്‍ പത്ത് വര്‍ഷത്തിലധികമായി തകര്‍ന്നുകിടക്കുന്ന കനാല്‍ റോഡ് നന്നാക്കാന്‍ നടപടിയില്ല. കാൽനടയാത്രക്കാർക്ക് പോലും ഈ വഴി കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്. 

പ്ലാവിലത്തറ ജംഗ്ഷൻ മുതൽ കരുവാറ്റ ഭാഗത്തേക്കുള്ള കനാൽ റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. പലവട്ടം നാട്ടുകാർ പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. നിലവിൽ കാൽനടയാത്രപ്രധാന റോഡിലെ തിരക്ക് കൂടുമ്പോൾ ഇരുചക്രവാഹന യാത്രക്കാർ ഈ കനാൽ റോഡ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. വഴിയിലെ ടാറിങ് പൂര്‍ണമായും ഇളകി. കനാൽ റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. കൈവഴികൾ മാത്രമായിരുന്ന കെഐപി കനാൽ റോഡുകൾ വീതി കൂട്ടി 2004- 2006 കാലഘട്ടത്തിലാണ് ടാർ ചെയ്തത്. പിന്നീട് ഇങ്ങോട്ട് അറ്റകുറ്റപ്പണികൾ ഒന്നും തന്നെ നടത്തിയിട്ടില്ല.

മഴക്കാലമായാൽ ഈ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും അപകടത്തിൽപ്പെടാറുണ്ട്. ഇരുവശവും കാടുപിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെയും മറ്റും ശല്യവും കൂടുതലാണ്. രാത്രികാലങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവന്ന നിക്ഷേപിക്കുന്ന ഒരിടം കൂടിയായി മാറിയിരിക്കുകയാണ് കനാൽ റോഡുകള്‍.