ജീവനക്കാരില്ല; ഉപയോഗശൂന്യമായി കുണ്ടറയിലെ വാതകശ്മശാനം

ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസമായിട്ടും കൊല്ലം കുണ്ടറ ഗ്രാമപഞ്ചായത്തിന്റെ വാതകശ്മശാനം ഉപയോഗിക്കുന്നില്ല. ജീവനക്കാരെ കിട്ടാനില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. 

കഴിഞ്ഞ മേയ് 17 ന് ഉദ്ഘാടനം ചെയ്തതാണ് കുണ്ടറ ഗ്രാമപഞ്ചായത്തിന്റെ കരിപ്പുറം പൊതുശ്മശാനം. വാതകശ്മശാനമാണിത്. ഉദ്ഘാടനത്തിന് ശേഷം ഇന്നേവരെ ഉപയോഗിച്ചിട്ടില്ല. കാടുകയറി നശിക്കുന്നു. മൃതദേഹ‌വുമായി എത്തുന്നവര്‍ ശ്മശാനത്തിന്റെ സ്ഥലത്ത് മറവുചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഇങ്ങനെ പത്ത് മൃതദേഹങ്ങള്‍ മറവു ചെയ്തതായാണ് വിവരം. നാട്ടുകാര്‍ക്കും ബുദ്ധിമുട്ടായി.

വാതകശ്മശാനത്തിലേക്ക് ജോലിക്കാരെ കിട്ടാനില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. മൃതദേഹം സംസ്കരിക്കണമെങ്കില്‍ കുണ്ടറയില്‍ നിന്ന് കൊല്ലം നഗരത്തിലെത്തണം. പോളയത്തോട്, മുളങ്കാടകം പൊതുശ്മശാനങ്ങള്‍ മാത്രമാണ് ആശ്രയം.