വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സഭവം; സർക്കാർ സംവിധാനങ്ങൾക്ക് വീഴ്ച

കൊല്ലം ചടയമംഗലത്ത് വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച. ഗര്‍ഭിണിയായിരിക്കെ യുവതിയെ കണ്ടെത്താന്‍ ആശാവര്‍ക്കര്‍ക്കും എസ്.സി പ്രൊമോട്ടര്‍ക്കും സാധിച്ചില്ല. പണമില്ലാത്തതുകൊണ്ട് ആശുപത്രിയില്‍ പോയില്ലെന്നാണ് മരിച്ച അശ്വതിയുടെ ഭര്‍ത്താവ് അനില്‍ പറയുന്നത്.

ചടയമംഗലം പഞ്ചായത്തിലെ പതിമൂന്നാംവാര്‍‍ഡ് കള്ളിക്കാട് താമസിക്കുന്ന അനിലിന്റെ ഭാര്യ മുപ്പത്തിയെട്ടുവയസുളള അശ്വതി കഴിഞ്ഞദിവസവമാണ് വീട്ടില്‍ പ്രസവിച്ചത്. അമ്മയും കുഞ്ഞും മരിച്ചു. എന്തുകൊണ്ട് അശ്വതിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന ചോദ്യത്തിന് പണമില്ലായിരുന്നുവെന്ന് ഭര്‍ത്താവ് അനിലിന്റെ മറുപടി. ആശുപത്രിയില്‍ പോകുന്നതിനോട് അശ്വതിക്കും താല്‍പര്യമില്ലായിരുന്നു.  പ്രസവവേദനയായപ്പോള്‍ ആശുപത്രിയില്‍ പോകാമെന്ന് അശ്വതിയുടെ പതിനേഴുകാരനായ മകനും പറഞ്ഞതാണ്.

അശ്വതിയും കുടുംബവും നിലമേലിലും നെടുമങ്ങാടും ബന്ധുവീടുകളിലായിരുന്നതിനാല്‍ വീട്ടിലെത്തുമ്പോള്‍ ആരെയും കണ്ടിരുന്നില്ലെന്നാണ് പഞ്ചായത്ത് അംഗവും ആശാവര്‍ക്കറും എസ്്്സി പ്രൊമോട്ടറും നല്‍കുന്ന വിശദീകരണം.  അശ്വതി രണ്ടു വര്‍ഷം മുന്‍പും കുഞ്ഞിന് ജന്മം നല്‍കി കുഞ്ഞ് മരിച്ചിരുന്നു.