കഴക്കൂട്ടത്ത് കുഴിയടയ്ക്കാത്തതിൽ ഉപരോധവുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് റോഡിലെ കുഴി അടയ്ക്കാത്തതില്‍ ഉപരോധസമരവുമായി ഡി.വൈ.എഫ്.ഐ. കുഴി അടയ്ക്കാത്തതിൽ കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും വീഴ്ച വരുത്തുകയാണെന്ന് ആരോപിച്ചാണ് ഭരണപക്ഷത്തെ വെട്ടിലാക്കി യുവജനസംഘടനയുടെ പ്രതിഷേധം.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണെന്ന് കോർപ്പറേഷനും കോർപ്പറേഷന്റെതാണെന്ന് പൊതുമരാമത്ത് വകുപ്പും പരസ്പരം ചുമലിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്ന റോഡിലാണ് ഡി.വൈ.എഫ്.ഐ കൊടിയെടുത്ത് പ്രതിഷേധത്തിനിറങ്ങിയത്. കോർപ്പറേഷൻ ഭരിക്കുന്നത് ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സി.പി.എം ഭരണസമിതിയും പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസാണെന്നുമിരിക്കെയാണ് ഭരണപക്ഷ യുവജന സംഘടനയുടെ ഗതിക്കെട്ടുള്ള പ്രതിഷേധം.

 കഴക്കൂട്ടം കുളത്തൂർ റോഡിലെ ആറ്റിൻകുഴി ഭാഗത്താണ് റോഡ് പൂർണമായി തകർന്നിരിക്കുന്നത്. ടെക്നോപാർക്കിൽ നൂറുകണക്കിന് ആളുകളാണ് ഈ റോഡ് ആശ്രയിക്കുന്നത്. വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ കുഴി അറിയിക്കാനാകാതെ അപകടങ്ങളും പതിവാണ്. റോഡ് പൊതുമരാമത്ത് വകുപ്പിന്റെത് തന്നെയാണെന്ന് ബോധ്യമായിട്ടുണ്ടെന്നും റോഡ് നന്നാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നുമാണ് സർക്കാരിന് ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ്. അതേസമയം, റോഡിലെ കുഴിയിൽ ഡി.വൈ.എഫ്.ഐ തന്നെ പ്രതിഷേധത്തിനിറങ്ങിയത് പൊതുമരാമത്ത് വകുപ്പിന്  നാണക്കേടായി.