ഇടുങ്ങിയ ക്ലാസ്മുറികളിൽ പഠനം; എൽപിസ്കൂൾ കെട്ടിടനിർമാണം നിലച്ചു

കൊല്ലം പരവൂർ കോട്ടപ്പുറം ഗവണ്‍മെന്റ് എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം നിലച്ചിട്ട് ഏഴു മാസം പിന്നിടുന്നു. കിഫ്ബിയിൽ നിന്നും ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ച് രണ്ട് നില കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി. 

അറുനൂറിലധികം കുട്ടികള്‍ പഠിക്കുന്ന കോട്ടപ്പുറം എല്‍പി സ്കൂളിന് പുതിയ കെട്ടിടം ഉയരാന്‍ ഇനിയും കാത്തിരിക്കണം. കരാർ നൽകിയ തുകയ്ക്ക് കെട്ടിടം നിർമിക്കാൻ സാധ്യമല്ലെന്ന് കരാറുകാരന്‍ പറഞ്ഞതോടെ അധ്യാപകരും കുട്ടികളുംം പ്രതിസന്ധിയിലായി. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് അധ്യയനം നടത്താന്‍ ക്ലാസ് ‌മുറികള്‍ ഇല്ല. അധ്യാപകർക്കായി സ്കൂളിൽ സ്റ്റാഫ് റൂം സൗകര്യമില്ല. ലൈബ്രറിയും ലാബുമൊക്കെ ഇടുങ്ങിയ ക്ലാസ് മുറികളിലാണ് നിലവിൽ ക്രമീകരിച്ചിട്ടുള്ളത്. മഴ പെയ്താൽ സ്കൂൾ പരിസരത്ത് വെള്ളക്കെട്ടും രൂക്ഷമാണ്. 

 ആറു ക്ളാസ് മുറികളും ഹാളും ഉള്‍പ്പെടുന്ന രണ്ടു നില കെട്ടിടം നിര്‍മിക്കാന്‍ കൂടുതൽ തുക വേണമെന്നാണ് കരാറുകാരന്‍ സ്കൂള്‍ അധികൃതരോട് പറഞ്ഞത്. 2019 ൽ നിര്‍മാണം തുടങ്ങിയതാണ്. നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനയാണ് കരാറുകാരന്‍ ചൂണ്ടിക്കാട്ടുന്നത്.