മാലിന്യവും പോളയും നിറഞ്ഞു; ഒഴുക്ക് നിലച്ച് ആഞ്ഞിലിക്കുഴിയാര്‍

മാലിന്യവും പോളയും നിറഞ്ഞ് ഒഴുക്ക് നിലച്ച് ആഞ്ഞിലിക്കുഴിയാര്‍ . കറുത്ത നിറത്തില്‍ ദുര്‍ഗന്ധം വമിക്കുന്നതാണ് ആറ്റിലെ ജലം. വെള്ളത്തില്‍ തൊട്ടാല്‍ ശരീരമാകെ ചൊറിച്ചിലാകും. കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തില്‍ ഇ–കോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലെന്ന് കണ്ടെത്തിയിരുന്നു. 

ആഞ്ഞിലിക്കുഴിയാറിനെ സംരക്ഷിക്കാനുള്ള നടപടിയുണ്ടാക്കണമെന്ന അപേക്ഷയാണ് നാട്ടുകാര്‍ക്ക്. പത്തനംതിട്ട ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചാണ് ആറ് ഒഴുകുന്നത്. കൂറ്റൂര്‍ , തിരുവന്‍‍വണ്ടൂര്‍ പഞ്ചായത്തുകളിലൂടെയാണ് ഒഴുക്ക്. രണ്ടായിരത്തിലധികം വീടുകള്‍ ആറിന്‍റെ ഇരുകരകളിലുമുണ്ട്. മുമ്പ് കുടിവെള്ളത്തിന് വരെ ജനങ്ങള്‍ ആശ്രയിച്ചിരുന്ന ആറാണ് ഇപ്പോള്‍ കറുത്ത നിറത്തില്‍, ദുര്‍ഗന്ധം ഉയര്‍ന്ന് കെട്ടിക്കിടക്കുന്നത്. 

കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തില്‍ വെള്ളത്തില്‍ ഇ–കോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിന്‍റെ ഇരട്ടിയായി കണ്ടെത്തിയിരുന്നു. 2009 മുതല്‍ കുറ്റൂര്‍ പഞ്ചായത്ത് പത്ത് ലക്ഷം രൂപയോളം ചിലവിട്ട് ആറ്റിലെ പോള നീക്കം ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. പലരും മാലിന്യങ്ങള്‍ ആറ്റില്‍ കൊണ്ടുതള്ളുന്നതായും പരാതിയുണ്ട്. മുപ്പത് മീറ്ററോളം വീതിയുണ്ടായിരുന്ന ആറിന്‍റെ ഭാഗങ്ങള്‍ പലരും കൈയേറി. ഇതെല്ലാം നദി നശിക്കാന്‍ കാരണമായി. ആറ് വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ ഉടനുണ്ടാകുമെന്ന് കുറ്റൂര്‍ പഞ്ചായത്ത് അറിയിച്ചു.