ചായക്കടയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കൊല്ലം പരവൂരിൽ ചായക്കടയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചതിൽ ലക്ഷങ്ങളുടെ നഷ്ടം. പരവൂര്‍ പാരിപ്പള്ളി റോഡിൽ മിലന്‍ ജംക്‌ഷനിലായിരുന്നു രണ്ട് കടകൾക്ക് തീപിടിച്ചത്.

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ചായക്കടക്ക് തീപിടിച്ചത്. ചായക്കടയോട് ചേര്‍ന്നുണ്ടായിരുന്ന സ്പെയര്‍ പാര്‍ട്സ് കടയും പൂര്‍‌ണമായും കത്തിനശിച്ചത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം സ്പെയര്‍ പാര്‍ട്സ് കടയ്ക്കുണ്ടായെന്നാണ് പ്രാഥമിക വിവരം. മുക്കട ഡിആര്‍ സദനത്തില്‍ ദേവരാജന്‍ ചെട്ടിയാര്‍ വാടകയ്ക്ക് നടത്തുന്നതാണ് ചായക്കട. തീപിടുത്തം ഉണ്ടായപ്പോൾ ദേവരാജനും ഭാര്യയും ഒരു സഹായിയുമാണ് ഉണ്ടായിരുന്നത്.. രണ്ട് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. തീപടരുന്നത് കണ്ട് എല്ലാവരും പുറത്തേക്കിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.