ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവരുടെ പണം ഇടനിലക്കാര്‍ കൈക്കലാക്കിയെന്ന് പരാതി

 പത്തനംതിട്ട ഗവിയില്‍ ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവരുടെ പണം ഇടനിലക്കാര്‍ കൊള്ളയടിച്ചെന്ന് ആരോപണം. ചെറിയ വിലയുള്ള ഭൂമി വന്‍വിലയ്ക്ക് മറിച്ച് നല്‍കിയെന്നാണ് പരാതി. സീതത്തോട് പഞ്ചായത്തിലെ ഒരു അംഗത്തിന്‍റെ ഒത്താശ ഉണ്ടെന്നും ആരോപണമുണ്ട്.

ലൈഫ് പദ്ധതി 2021 –22 കാലത്ത് ഗവിയില്‍ 91 കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു. സ്ഥലം കണ്ടെത്തി എഴുതി വാങ്ങിയാല്‍ സ്ഥലം ഉടമയ്ക്ക് സീതത്തോട് പഞ്ചായത്ത് പണം നല്‍കും. ഇവിടെയാണ് ഇടനിലക്കാര്‍ ഇടപെട്ടത്. 15000 മുതല്‍ മുപ്പതിനായിരം  വരെ വിലയുള്ള ഭൂമി ഒരുമിച്ച് വാങ്ങി 50,000 മുതല്‍ 80,000 വരെ ഈടാക്കിയാണ് മറിച്ച് വിറ്റത്. 80 ലക്ഷത്തോളം രൂപ ഇങ്ങനെ തട്ടിയെടുത്തു എന്നാണ് ആരോപണം. ശ്രീലങ്കൻ വംശജരായ കുടുംബങ്ങൾക്കു സ്വന്തമായി വീടും സ്ഥലവും കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തിലാണ് ഗവിയില്‍ ഇത്രയും വീട് അനുവദിച്ചത്. കുറഞ്ഞത് 3 സെന്റ് സ്ഥലം വീതമാണ് ഒരാള്‍ വാങ്ങേണ്ടത്. സർക്കാർ 2 ലക്ഷം രൂപ നല്‍കും. പഞ്ചായത്തിലെ രേഖകൾ പ്രകാരം എല്ലാ ഗുണഭോക്താക്കൾക്കും 2 ലക്ഷം രൂപ വീതം നൽകി കഴിഞ്ഞു. അതായത് ഏകദേശം 1കോടി 80 ലക്ഷം രൂപ. 

കോട്ടമൺപാറ, വാലുപാറ വാർഡുകളിലുള്ള സ്ഥലത്താണ് സ്ഥലം വാങ്ങിയത്. മിക്കയിടത്തും വഴിയില്ല. കല്ലുകൾ നിറഞ്ഞ ഭൂമികൾ നിരപ്പാക്കി നല്‍കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നിട്ടില്ല. സിപിഎമ്മിന് നല്‍കിയ പരാതി മുക്കിയെന്ന് പറയപ്പെടുന്നു. മുഖ്യമന്ത്രിക്കും, പ്രതിപക്ഷനേതാവിനും, ജില്ലാ കലക്ടര്‍ക്കും നല്‍കിയ പരാതിയിലും നടപടിയായിട്ടില്ല.