വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ രാഷ്ട്രീയചേരിപ്പോര്; യുഡിഎഫ് അവിശ്വാസപ്രമേയം പാളി

എല്‍ഡിഎഫ് ഭരിക്കുന്ന കൊല്ലം വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുളള യുഡിഎഫ് നീക്കം പരാ‍ജയപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയചേരിപ്പോര്. പഞ്ചായത്തില്‍ എൽഡിഎഫ് ബിജെപി ബന്ധമാണെന്ന് യുഡിഎഫ് ആരോപിച്ചു. അതേസമയം മുസ്്ലീംലീഗിന് പോലും അവിശ്വാസപ്രമേയത്തോട് യോജിപ്പില്ലെന്നാണ് ഇടതുനേതാക്കളുടെ മറുപടി. 

17 അംഗങ്ങളുള്ള വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് എട്ട്, ഏഴ് എൽഡിഎഫ്. 2 ബിജെപി എന്നിങ്ങനെയാണ് കക്ഷിനില. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുറയറച്ചാല്‍ വാര്‍ഡ് ലഭിച്ചത് യു‍ഡിഎഫിന് നേട്ടമായി. ഇതുപ്രകാരം അവിശ്വാസപ്രമേയത്തിലൂടെ എല്‍ഡിഫില്‍ നിന്ന് ഭരണം പിടിക്കാന്‍ യു‍ഡിഎഫ് ആഗ്രഹിച്ചെങ്കിലും , പതിനേഴില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷമായ ഒന്‍പത് പേരില്ലാത്തതിനാല്‍ അവിശ്വാസം അവതരിപ്പിക്കാനായില്ല. ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതാണ് പ്രതിസന്ധിയായതെന്നാണ് യുഡിഎഫ് ആരോപണം. എല്‍ഡിഎഫ് ഭരണസമിതി രാജിവയ്ക്കണമെന്ന് ഒായൂരില്‍ ചേര്‍ന്ന യുഡിഎഫ് രാഷ്ട്രീയവിശദീകരണയോഗം ആവശ്യപ്പെട്ടു.

ബിജെപി ബന്ധമില്ലെന്നും യു‍ഡിഎഫില്‍ കലഹമാണെന്നുമാണ് ഇടതു ഭരണസമിതിയുടെ മറുപടി. യുഡിഎഫിനൊപ്പമുളള ലീഗ് അംഗം അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം യു‍ഡിഎഫിനും എല്‍ഡ‍ിഎഫിനും പിന്തുണയില്ലെന്നാണ് ബിജെപി അംഗങ്ങളുടെ വിശദീകരണം.