ശക്തമായ കാറ്റിലും മഴയിലും വീട് നിലംപതിച്ചു; ദുരിതത്തിൽ ഒരു കുടുംബം

ശക്തമായ കാറ്റിലും മഴയിലും ചെങ്ങന്നൂരിൽ വീട് നിലംപതിച്ചു. വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപെട്ടു. പാണ്ടനാട് സ്വദേശി പി. ആനന്ദൻ്റെ വീടാണ് തകർന്നു വീണത്. ഞായറാഴ്ച പെയ്ത ശക്തമായ മഴയിലാണ് ആനന്ദൻ്റെ വീട് തകർന്ന് വീണത്. ഈ സമയം ആനന്ദൻ്റെ മകനും മരുമകളും കൊച്ചുമകളും വീട്ടിലുണ്ടായിരുന്നു.

വീട് തകരുന്ന ശബ്ദം കേട്ടതോടെ മൂവരും പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി. നാല്പത് വർഷം പഴക്കമുള്ള വീട് അപകടാവസ്ഥയിലായതിനാൽ പ്രായമായ ആനന്ദനും ഭാര്യയും വീടിന് സമീപം ടാർപോളിൻ ഷെഡ് കെട്ടിയായിരുന്നു താമസം. 

വീട് ലഭിക്കുന്നതിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ആനന്ദൻ. എന്നാൽ ലിസ്റ്റിൽ ഉൾപ്പെട്ടില്ല. വീട് തകർന്നതറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി സന്ദർശിച്ചു. വീട് പുനർനിർമിക്കാൻ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.