പരവൂരിൽ പ്ലാസ്റ്റിക് സംഭരണശാലയ്ക്ക് തീപിടിച്ചു; 50 ലക്ഷം രൂപയുടെ നഷ്ടം

കൊല്ലം പരവൂര്‍ നഗരസഭയിലെ പ്ലാസ്റ്റിക് സംഭരണശാലയ്ക്ക് തീപിടിച്ചതില്‍ അമ്പതുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമികനിഗമനം.

തീപിടിത്തത്തില്‍ ദുരൂഹത ഉണ്ടെന്നാണ് നഗരസഭ പൊലീസിൽ നല്‍കിയ പരാതി. ബുധന്‍ രാത്രിയാണ് പരവൂര്‍ നഗരസഭയിലെ ഹരിതകർമസേനയുടെ പ്ലാസ്റ്റിക് സംഭരണശാലയ്ക്ക് തീപിടിച്ചത്. 

അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും നഷ്ടങ്ങളേറെയുണ്ടായി. യന്ത്രങ്ങളും ഷെഡും ഉൾപ്പെടെ കത്തിയതിലൂടെ ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായിട്ടാണ് നഗരസഭയുടെ പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. 

അതത് ദിവസത്തെ ജോലി കഴിഞ്ഞ് വൈദ്യുതി ബന്ധം പൂർണമായും വിഛേദിച്ച ശേഷമാണ് തൊഴിലാളികൾ യൂണിറ്റിൽ നിന്ന് മടങ്ങുന്നത്. അതുകൊണ്ടുതന്നെ തീപിടിത്തത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നഗരസഭ പൊലീസിൽ പരാതി നൽകി. നഗരസഭയിലെ നാലാം വാർഡിൽ മുതലക്കുളത്ത് 2019 ൽ ആണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.