എങ്ങുമെത്താതെ വലിയതുറ കടല്‍പ്പാലം പുനര്‍നിര്‍മാണം; ഉപജീവനം വഴിമുട്ടി മൽസ്യത്തൊഴിലാളികൾ

കടലാക്രമണത്തില്‍ തകര്‍ന്ന ‌വലിയതുറ കടല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്നു. പരാതികള്‍ സമയാസമയങ്ങളില്‍ അറിയിക്കുന്നതല്ലാതെ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പരാതി. തിരകള്‍ മറികടന്ന് വള്ളം കടലിലിറക്കുന്നതിനുള്ള എകാശ്രയമായിരുന്നു കടല്‍പ്പാലം. 

വള്ളം കടലിലിറക്കാനുള്ള തൊഴിലാളികളുടെ പെടപ്പാടാണിത്. അതിശക്തമായ തിരകളാണ് വലിയതുറയില്‍. തിരകള്‍ മറികടന്ന് വള്ളം കടലിലിറക്കുന്നതിനുള്ള എകാശ്രയമായിരുന്നു കടല്‍പ്പാലം.

വലിയതുറയിലെ ഈ സാധാരണക്കാരന്റെ ദുഖത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.പാലത്തിന്റെ നവീകരണത്തിനായി വാതിലുകള്‍ പലത് മുട്ടിയെങ്കിലും ഇതുവരെ മറുപടിയില്ല. സാധാരണ പാലത്തിന്റെ അറ്റത്ത് നിന്നാണ് തൊഴിലാളികള്‍ വള്ളത്തില്‍ കയറിയിരുന്നത്. തകര്‍ച്ചയ്ക്ക് ശേഷം പാലം അടച്ചിട്ടതോടെ കരയില്‍ നിന്ന് തന്നെ തൊഴിലാളികള്‍ക്ക് വള്ളത്തില്‍ കയറേണ്ടി വരുന്നു.ഇതിനിടെ തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നതും പതിവ്. 

ഒക്ടോബറില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് ഫിഷറീസ് വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍. അധികൃതരുടെ അനാസ്ഥയില്‍ നിരാശരാണെങ്കിലും ഇവര്‍ പ്രതീക്ഷ കൈവിടുന്നില്ല. ഉപജീവനത്തിനായി അതിജീവിക്കാതെ തരമില്ലല്ലോ.