അടിസ്ഥാന സൗകര്യങ്ങളില്ല; വലഞ്ഞ് കൊട്ടാരക്കരയിലെ കെഎസ്ആർടിസി ഡിപ്പോ

അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കൊല്ലം കൊട്ടാരക്കരയിലെ കെഎസ്ആർടിസി ഡിപ്പോ. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും സ്ഥലപരിമിതിയുമാണ് ഡിപ്പോയെ പ്രതിസന്ധിയിലാക്കുന്നത്. കേരളത്തിലെ പ്രധാന കെഎസ്ആർടിസി ഡിപ്പോകളിൽ ഒന്നാണ് കൊട്ടാരക്കരയിലേത്. നൂറിലധികം ബസുകൾ ഇവിടെ നിന്ന് സർവീസ് നടത്തുന്നു. മുപ്പത് ദീർഘദൂര സർവീസുമുണ്ട്. വരുമാനം കൂടുതലാണെങ്കിലും പക്ഷേ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ല . അന്വേഷണ കൗണ്ടർ ഉണ്ടായിരുന്നത് നിർത്തലാക്കി. തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ പമ്പക്ക് സർവീസ് നടത്തുന്നത് ഇവിടെനിന്നാണെങ്കിലും അയ്യപ്പഭക്തർക്ക് വിരി വെയ്ക്കാൻ സൗകര്യം ഇല്ല. സ്ഥലപരിമിതിയാണ് പ്രധാനപ്രശ്നം. ബസുകൾ നിർത്തിയിടാൻ സ്ഥലമില്ല. 

മുന്നോട്ടും പിന്നോട്ടും എടുക്കുന്ന ബസുകൾക്കിടയിലൂടെ ബസിൽ കയറിപ്പറ്റാൻ യാത്രക്കാരുടെ ശ്രമിക്കുന്നത് അപകടമുണ്ടാക്കുന്നു. സ്ഥലമില്ലാത്തതിനാൽ രാത്രിയിൽ ബസുകൾ ഡിപ്പോയ്ക്ക് പുറത്ത് നിർത്തിയിടുന്നത്. ഇവിടെ നിന്ന് ബസ്  മോഷണം പോയിട്ടുണ്ട്. ഡിപ്പോ വികസനത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ രണ്ടു പതിറ്റാണ്ടിലേറെയായി ചർച്ച നടക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പടെ  നാനൂറിലധികം ജീവനക്കാരുണ്ട്. വനിതാ കണ്ടക്ടർമാർക്ക് പോലും താമസ സൗകര്യമില്ല.

തെരുവുനായ്ക്കളുടെ ശല്യമാണ് മറ്റൊരു പ്രശ്നം. ബവ്റിജസ് ഔട്ട്ലെറ്റ് ഡിപ്പോയ്ക്ക് തൊട്ടടുത്തായതിനാൽ മദ്യപാനികളും സാമൂഹ്യവിരുദ്ധരും ബസ് സ്റ്റാൻഡിൽ ഏറെയാണ്. തെരുവുവിളക്കുകൾ ഇല്ല .സുരക്ഷാ ജീവനക്കാരും ഇല്ല . മെച്ചപ്പെട്ട സൗകര്യം ഒരുക്കാൻ അധികൃതർ തയാറാകണമെന്നാണ്  യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.