കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളം കയറി; 25 ഹെക്ടറിൽ കൃഷിനാശം

കനത്ത മഴയിൽ കിളിമാനൂർ കീഴ്പേരൂർ പാടശേഖരത്തിൽ 25 ഹെക്ടർ നെൽക്കൃഷി വെള്ളത്തിനിടയിലായി. നല്ല വിളവ് ലഭിച്ചെങ്കിലും നെല്ല് കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കൃഷിനാശത്തെ തുടർന്ന് ഇൻഷുറൻസിനായി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കർഷകർ പറയുന്നു. 

നൂറുമേനി വിളവ് പ്രതീക്ഷിച്ചിരുന്ന കിളിമാനൂർ കീഴ്പേരൂർ പാടശേഖരത്തിന്റെ അവസ്ഥയാണിത്. കൊയ്യുന്നതിനിടെയാണ് കനത്ത മഴ തുടങ്ങിയത്. സമീപത്തെ തോട് നിറഞ്ഞ് കവിഞ്ഞതോടെ പാടവും തോടും ഒരുപോലെയായി. കനത്ത മഴ കൃഷിക്കാർ വിതച്ചത് വലിയ നഷ്ടവും.

പാട്ടക്കൃഷി ചെയ്യുന്നവർക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. വെള്ളംകയറി കൃഷി നശിച്ചിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു. ഇൻഷുറൻസെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ മാത്രമാണ് കർഷകർക്കുള്ളത്.