ഇടുക്കിയിലും വിമാനം പറന്നിറങ്ങും; എന്‍സിസിയുടെ എയർസ്ട്രിപ്പിൽ: പ്രതീക്ഷ

കേരളപ്പിറവി ദിനത്തിൽ ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങും. എൻ.സി.സി കേഡറ്റുകള്‍ക്ക് ഫ്ലൈയിങ് പരിശീലനം നല്‍കാന്‍ വണ്ടിപ്പെരിയാറിലെ മഞ്ചുമലയില്‍ നിര്‍മിക്കുന്ന എന്‍സിസിയുടെ എയർസ്ട്രിപ്പിലാണ് വിമാനമിറങ്ങുക. എയർസ്ട്രിപ്പ് നിർമ്മാണം പൂർത്തിയാകുന്നതോടെ അടിയന്തര സാഹചര്യങ്ങളിൽ ഇടുക്കിക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

15 സീറ്റുവരെയുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്ട്രിപ്പാണിത്. എൻ.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു- 80 വിമാനമാണ് ആദ്യം ഇവിടെ പറന്നിറങ്ങുന്നത്. എൻ.സി.സി കേ‌ഡറ്റുകൾക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നൽകുന്നതിനാണ് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ജില്ലയ്ക്ക് ഇത് ഏറെ സഹായകരമാകും. റവന്യു വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 ലാണ് നിർമാണം തുടങ്ങിയത്. ഒരുകിലോമീറ്ററില്‍ 650 മീറ്റർ റൺവേയുടെ നിർമാണം പൂ‌ർത്തിയായി. വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള ഹാംഗര്‍ നിര്‍മാണം പുരോഗമിക്കുന്നു. വിമാനമിറക്കുന്നതിന് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് അനുമതി നല്‍കിയെങ്കിലും കുന്ന് ഇടിക്കുന്നതിനെതിരെ വനം വകുപ്പ് സ്വരം കടുപ്പിച്ചതാണ് നിര്‍മാണത്തിന് പ്രതിസന്ധി.

ഭാവിയിൽ വിമാനത്താവളമായി ഉയർത്താനായാൽ വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാം. എട്ട് കിലോമീറ്റർ മാത്രം അകലെയുള്ള ശബരിമലയിൽ എത്തുന്ന അന്യസംസ്ഥാന തീർഥാടകർക്കും വാഗമൺ,​ തേക്കടി,​ മൂന്നാർ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾക്കും സൗകര്യമാകുന്നതാണ് പദ്ധതി.