മ്യൂസിയം കോമ്പൗണ്ട് അടഞ്ഞു തന്നെ; പ്രതിസന്ധിയിൽ 'നടത്ത'ക്കാർ

കേരളമാകെ തുറന്നിട്ടും പ്രഭാതസവാരിക്കോ വ്യായാമയത്തിനോ  തുറക്കാതെ തിരുവനന്തപുരം മ്യൂസിയം  കോംമ്പൗണ്ട് . വ്യായാമത്തിനായി തിരുവനന്തപുരത്തുകാര്‍ ആശ്രയിക്കുന്ന മ്യൂസിയമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. ടൂറിസംകേന്ദ്രങ്ങള്‍ എല്ലാം തുറന്നിട്ടും എന്തിന് മ്യൂസിയം അടച്ചിടുന്നുവെന്നാണ് സ്ഥിരം നടത്തക്കാരുടെ ചോദ്യം. 

തിരുവനന്തപുരത്ത് എത്തിയാല്‍ പുറത്തെ നടപാതയിലൂടെ നടന്ന്  മ്യൂസിയം കോംമ്പൗണ്ടിലേക്ക് പുറത്ത് നിന്ന് നോക്കാനേ കഴിയൂ. വാക്സിനെടുത്താലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും അകത്തേക്ക്   ആര്‍ക്കും പ്രവേശനമില്ല.  രാവിലെയും വൈകിട്ടും ആളുകള്‍ നടന്നിരുന്ന നടപ്പാതയില്‍ ആളനക്കമില്ല. കോവിഡിനെ രണ്ടാം തരംഗത്തില്‍ അടച്ചതാണ് മ്യൂസിയം ഗേറ്റ്. രാവിലെയും വൈകിട്ടും നൂറ് കണക്കിനാളുകളാണ് ഈ വഴിയിലൂടെ നടക്കാന്‍ എത്തിയിരുന്നത്. എന്നാല്‍   ഇപ്പോള്‍ ആളനക്കമില്ല. തൊട്ടടുത്ത് ടൂറിസം വകുപ്പിന് കീഴിലുള്ള കനകകുന്നില്‍ നടക്കുന്നതിനോ വ്യായാമോ ചെയ്യുന്നതിനോ തടസമില്ല. അതേസമയം നൂറ് മീറ്റര്‍ മാത്രം അകലെയുള്ള മ്യൂസിയം കോംമ്പൗണ്ട്  അടച്ചിടുന്നതിന് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.

റേഡിയോ കേള്‍ക്കാനോ  കുശലം പറഞ്ഞിരിക്കന്നവര്‍ ആരുമില്ലാതെ ബഞ്ചുകള്‍ ഒഴിഞ്ഞുകിടക്കുകയാണ് . ഈ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍  ഒരു കുട്ടിയെങ്കിലും കയറിയിട്ട് നാളുകളായി. വല്ലപ്പോഴും എത്തുന്ന മൃഗശാല ജീവനക്കാര്‍ക്ക് മാത്രമായിട്ടാണ് ഗേറ്റ് തുറക്കുന്നത്. എന്നാല്‍  മൃഗങ്ങളുടെ സുരക്ഷകൂടി കണക്കിലെടുത്താണ് മ്യൂസിയം കോംമ്പൗണ്ട് തുറക്കാത്തതെന്നാണ് മ്യൂസിയം മേധാവിയുടെ വിശദീകരണം. ആളുകള്‍ കൂടിയാല്‍ നിയന്ത്രിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് വാദം.