തിരുവല്ലത്തെ ടോൾ; സമരവുമായി ഇടത്-വലത് സംഘടനകൾ

തിരുവനന്തപുരം തിരുവല്ലത്തെ ടോള്‍ പിരിവിനെതിരെ അനിശ്ചിതകാല സമരവുമായി കോണ്‍ഗ്രസും ഇടത് സംഘടനകളും. റോഡ് നിര്‍മാണം പൂര്‍ത്തിയാകും മുന്‍പുള്ള ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് കത്ത് അയക്കുമെന്നാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ മറുപടി.

ഒരു വശത്ത് കോണ്‍ഗ്രസ്. മറുവശത്ത് എസ്.എഫ്.ഐ. തിരുവല്ലം ടോള്‍ പ്ളാസ ഇന്നും സമരമുഖരിതമായിരുന്നു.ടോള്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയും ഉപകരണങ്ങള്‍ തകര്‍ക്കാനൊരുങ്ങിയും ചില സമയങ്ങളില്‍ സംഘര്‍ഷാവസ്ഥയിലേക്കും നീങ്ങി. പ്രതിഷേധത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. കഴക്കൂട്ടം മുതല്‍ തമിഴ്നാട് അതിര്‍ത്തിയായ കാരോട് വരെ 46 കിലോമീറ്ററുള്ളദേശീയപാതയില്‍  22 കിലോമീറ്റര്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയായത്. അതിനാല്‍ പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിവ് പാടില്ല. ഇതിന് മുഖ്യമന്ത്രി ഇടപെടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

മല്‍സ്യത്തൊഴിലാളികളടക്കം ഒട്ടേറെ നാട്ടുകാര്‍ ദിവസവും ജോലിക്കായി കടന്ന് പോകുന്ന റോഡാണിത്. അതിനാല്‍ 25 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ടോളില്‍ നിന്ന് ഒഴിവാക്കണം. 5 കിലോമീറ്ററിലുള്ളവരെ ഒഴിവാക്കാമെന്നാണ് ദേശീയപാത അതോറിറ്റി നിലപാട്. അതിനാല്‍ പ്രതിഷേധം വരുംദിവസങ്ങളിലും തുടരും. പ്രതിഷേധം ഒഴിഞ്ഞാല്‍ ഉടന്‍ ടോള്‍ പിരിക്കാനാണ് കമ്പനിയുടെ നീക്കം.