മൃഗവേട്ടയില്‍ അന്വേഷണം സിനിമാമേഖലയിലേക്കും; ഇതുവരെ അറസ്റ്റിലായത് നാലുപേർ

കൊല്ലം ആര്യങ്കാവ് അമ്പനാട് വനത്തിലെ മൃഗവേട്ടയില്‍ അന്വേഷണം സിനിമാമേഖലയിലേക്കും. വന്യമൃഗങ്ങളെ വേട്ടയാടിയവരെ ചോദ്യം ചെയ്തപ്പോഴാണ് ഇറച്ചിവില്‍‌പ്പനയുടെ മൊത്തക്കച്ചവടക്കാരനെക്കുറിച്ച് വിവരം ലഭിച്ചത്. കേസില്‍ ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്.  

അറസ്റ്റിലായ ആര്യങ്കാവ് പത്തേക്കർ പൂത്തോട്ടം സ്വദേശി വിനോദിനെ ചോദ്യം ചെയ്തപ്പോഴാണ് മൃഗവേട്ടയില്‍ പങ്കുളള സിനിമാമേഖലയിലെ ആളിനെക്കുറിച്ച് വനപാലകര്‍‌ക്ക് വിവരം ലഭിച്ചത്. വിനോദും സംഘവും വേട്ടയാടുന്ന വന്യമൃഗങ്ങളുടെ ഇറച്ചി സിനിമാരംഗത്തുളളവര്‍ക്കും മറ്റ് അടുപ്പക്കാര്‍ക്കും വിൽക്കുന്നത് ആര്യങ്കാവ് സ്വദേശിയായ സിനിമാപ്രവര്‍ത്തകനും ഇദ്ദേഹത്തിന്റെ മറ്റൊരു ബന്ധുവുമാണെന്നാണ് വിവരം. ഇവരുടെതന്നെ എറണാകുളം കടവന്ത്രയിലെ കെട്ടിടത്തിൽ നിന്നാണ് വിനോദിനെ പിടികൂടിയത്.

ഇദ്ദേഹം സിനിമാമേഖലയിലെ ഏതെങ്കിലും സംഘടനയില്‍ അംഗമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അമ്പനാട് വനത്തിെല മൃഗവേട്ട വനം പട്രോളിങ് സംഘം കണ്ടെത്തിയത് കഴിഞ്ഞ അഞ്ചിനാണ്. കഴുതുരുട്ടി വെഞ്ച്വർ എസ്റ്റേറ്റിൽ ശേഖർ, ഇസ്ഫീൽഡ് എസ്റ്റേറ്റിലെ ഷെമീർ, ഉറുകുന്ന് വാലുതുണ്ടിൽ ജോബിൻ ജോയി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കാട്ടുപോത്ത്, മ്ലാവ്, മുള്ളൻപന്നി എന്നിവയുടേത് ഉള്‍പ്പടെ 1200 കിലോ ഇറച്ചിയും അവശിഷ്ടങ്ങളും പിടിച്ചെടുത്തിരുന്നു. ആറംഗവേട്ട സംഘത്തിലെ രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.

ഇതുകൂടാതെയാണ് വേട്ടസംഘത്തിന് പിന്നിലുളളവരെ കേന്ദ്രീകരിച്ചും ഇറച്ചി വാങ്ങിയവരെക്കുറിച്ചും അന്വേഷണം തുടരുന്നത്.