5 സെന്റിൽ 500 മരങ്ങൾ; കുട്ടിവനം പദ്ധതി ഫാത്തിമ മാതാ കോളജിൽ

വനംവന്യജീവി വകുപ്പിന്റെ കുട്ടിവനം പദ്ധതി കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ തുടങ്ങി. അഞ്ചു സെന്റ് സ്ഥലത്ത് അഞ്ഞൂറു മരങ്ങളാണ് വച്ചുപിടിക്കുന്നത്.

കോളജ് കാംപസുകളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയാണ് ഫാത്തിമ മാതാ നാഷനൽ കോളജിൽ തുടങ്ങിയത്. കോളജിലെ പരിസ്ഥിതി ക്ളബും സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ കൊല്ലം ഡിവിഷനുമാണ് ഇതിന് പിന്നില്‍. ശലഭ ഉദ്യോനത്തോടു ചേർന്ന്, അഞ്ചു സെന്റ് സ്ഥലത്ത് 500 മരങ്ങളാണ് ലക്ഷ്യം. ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലായിനം മരങ്ങളും വിവിധങ്ങളായ പുല്ലുകളും കുട്ടിവനത്തില്‍ വരുംദിവസങ്ങളില്‍ വേരുപിടിക്കും. ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പദ്ധതി ഉദ്ഘാടനം ചെയ്തു. കമ്പകം മരത്തിന്റെ തൈയാണ് ബിഷ്പ് നട്ടത്. മനുഷ്യൻ ശ്വാസം മുട്ടുന്നതുപോലെ ഭൂമിയും ശ്വാസം മുട്ടുകയാണെന്നും ഇതിനു പരിഹാരമാണ് വനം എന്നും ബിഷപ് പറഞ്ഞു. ക്ഷേത്രങ്ങളിലെ കാവുകൾ പരിസ്ഥിതി സംരക്ഷണത്തിനു വലിയ പങ്കു വഹിച്ചിരുന്നതായും ബിഷപ്പിന്റെ സന്ദേശം

ജില്ലയിൽ നഗര കുട്ടിവനം പദ്ധതി ആശ്രാമം മൈതാനത്തും സ്കൂളുകളിലെ വിദ്യാവനം പദ്ധതി ചവറ ശങ്കരമംഗലത്തും തുടങ്ങിയിരുന്നു.  നൂറിലധികം മരങ്ങളുടെ പച്ചപ്പുളളതാണ് ഫാത്തിമ മാതാ നാഷനല്‍ കോളജ്. കോളജിലെ വിദ്യാവനം പദ്ധതിയും പരിസ്ഥിതിക്ക് മുതല്‍കൂട്ടാകും.