കൈവരികളും തൂണും തകർന്നു; പാലം പുതുക്കിപണിയണമെന്ന് ആവശ്യം

തിരുവല്ല ചാത്തങ്കരിയിലെ പരുത്തിമൂട്ടില്‍ പാലത്തിന്‍റെ തൂണുകള്‍ അപകടത്തിലെന്ന് നാട്ടുകാര്‍. വാഹനങ്ങള്‍ക്ക് പോകാനാവും വിധം പാലം പുതുക്കിപ്പണിയണമെന്നാണ് ആവശ്യം.

ചാത്തങ്കരി തോടിന്‍റെ കൈവഴിയായ കോമാടിത്തോട്ടിലെ പാലമാണിത്. പെരിങ്ങര പഞ്ചായത്തിലെ 14, 15 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം. പാലത്തിന്‍റെ കൈവരികളും തൂണും തകര്‍ന്നു തുടങ്ങി. കോണ്‍ക്രീറ്റിനുപയോഗിച്ച കമ്പികളും ദ്രവിച്ചു.  2018ലെ പ്രളയത്തില്‍ മരങ്ങള്‍ വന്നിടിച്ചതോടെയാണ് പാലം കൂടുതല്‍ ദുര്‍ബലമായത്.

പലര്‍ക്കും വാഹനങ്ങള്‍ വീട്ടിലേക്കു കൊണ്ടുപോകാനാകില്ല. ആശുപത്രിയിലേക്കും സ്കൂളിലേക്കും 5 കിലോമീറ്ററോളം അധികം ദൂരമുള്ള മറ്റൊരു വഴിയിലൂടെ പോകേണ്ട സാഹചര്യമാണ്. ആ വഴിയും തകര്‍ന്നു കിടക്കുകയാണ്.