ഒറ്റമുറി ഷെഡില്‍ ദുരിത ജീവിതം; സുമനസുകളുടെ കനിവ് കാത്ത് കുടുംബം

തിരുവനന്തപുരം വര്‍ക്കലയില്‍ ഒറ്റമുറി ഷെഡില്‍ കഴിയുന്ന കുടുംബം സഹായം തേടുന്നു. ഇടവ ഗ്രാമപഞ്ചായത്തിലെ തൊടിയിൽ വീട്ടിൽ  ചന്ദ്രികയും മൂന്നുമക്കളുമാണ് സുമനസുകളുടെ കാരുണ്യം കാക്കുന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

വീടെന്ന് പോയിട്ട് ഷെഡെന്നു പോലും വിളിക്കാന്‍ കഴിയില്ല. പ്രാരാബ്ധങ്ങളുടെ ഈ കൂട്ടില്‍ അൻപത്തെട്ടുകാരി ചന്ദ്രികയ്ക്കൊപ്പം മൂന്നു മക്കള്‍ കൂടിയുണ്ട്.

മൂത്തമകന്‍  മാനസിക വെല്ലുവിളിയുള്ളയാള്‍, ഇളയമകന്‍  പോളിയോ ബാധിതനാണ്, ഇളയമകള്‍ വിവാഹിതയെങ്കിലും ഭര്‍ത്താവുപേക്ഷിച്ചുപോയി. മറ്റൊരു മകന്‍ കൂടിയുണ്ടെങ്കിലും കുടുംബവുമായി ഒരു ബന്ധവുമില്ലെന്നാണ് ഇവര്‍ പറയുന്നത്. 

രണ്ടു സ്ത്രീകളും മകളുടെ രണ്ടു കുട്ടികളുമുളള വീട്ടില്‍ ശുചിമുറിയുമില്ല.കുടുബത്തിലെ 10 പേർക്ക് അവകാശമുള്ള ഓഹരി വയ്ക്കാത്ത അഞ്ച് സെന്റിൽ ആണ് ചന്ദ്രിക കഴിഞ്ഞ 40 വർഷമായി കൂര കെട്ടി താമസിക്കുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നും വീട് വയ്ക്കാൻ ഉള്ള സഹായങ്ങൾ  ലഭിച്ചിട്ടില്ല. സുമനസുകളുടെ സഹായം കൊണ്ട് ഒരു ടാബ് കുട്ടികളുടെ ഒാണ്‍ലൈന്‍ പഠനത്തിനായി ലഭിച്ചെങ്കിലും വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ചാർജ് ചെയ്യുന്നതിന് പോലും കുറച്ചകലെ ഉള്ള വീട്ടുകാർ കനിയണം. തൊഴിലുറപ്പ് പണികള്‍ക്ക് പോയ പഞ്ചായത്തിന്റെയും അധികൃതരുടെയും കനിവിനായി കൈ കൂപ്പുകയാണ് ഈ കുടുംബം.