പാടങ്ങളില്‍ വെള്ളം നിറഞ്ഞു; 200 ഏക്കറിലെ കൃഷി പ്രതിസന്ധിയില്‍

കനത്തമഴയില്‍ പാടങ്ങളില്‍ വെള്ളം നിറഞ്ഞതോടെ കുമരകം വട്ടക്കായല്‍ തട്ടേപ്പാടത്ത് ഇരുനൂറ് ഏക്കറിലെ കൃഷി പ്രതിസന്ധിയില്‍. വിതച്ച് മൂന്നാഴ്ചമാത്രം പിന്നിട്ട നെല്‍ച്ചെടികള്‍ നാല് ദിവസത്തിലേറെ വെള്ളത്തില്‍ മുങ്ങിയതോടെ ചീഞ്ഞ് നശിച്ച് തുടങ്ങി. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമം ആദ്യ ദിവസങ്ങളില്‍ വൈദ്യുതി തടസം മൂലം പരാജയപ്പെട്ടു. 

152 കര്‍ഷകരുടെ കൂട്ടായ്മയാണ് വട്ടക്കായല്‍ തട്ടേപ്പാടത്ത് വിരിപ്പ് കൃഷി ഇറക്കിയത്. കൃഷിയിറക്കാന്‍ ചെലവായത് ഏക്കറിന് കാല്‍ലക്ഷത്തിലേറെ രൂപയാണ്. കൃഷിയിറക്ക് മൂന്നാഴ്ച പിന്നിട്ടതോടെയാണ് കഴിഞ്ഞ ദിവസം മഴ ശക്തിപ്രാപിച്ചത്. ഉറവകൂടിയായതോടെ പാടം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ വെള്ളം വറ്റിക്കാന്‍ മോട്ടോറുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ലൈനുകളില്‍ ഒന്ന് കത്തിപോയതോടെ വൈദ്യുതി മുടങ്ങിയത് ഇരുട്ടടിയായി. മൂന്ന് ദിവസത്തോളം വെള്ളത്തില്‍ മുങ്ങിയ നെല്‍ ഏറെയും ചീഞ്ഞ് തുടങ്ങി. 

കൊയ്യാന്‍ പാകമെത്തിയ നെല്ല് മഹാപ്രളയത്തില്‍ നശിച്ചത് വഴി കര്‍ഷകര്‍ക്കുണ്ടായത് ഒരു കോടി രൂപയുടെ നഷ്ടമാണ്. കഴിഞ്ഞ വര്‍ഷവും കൃഷി നഷ്ടകച്ചവടമായിരുന്നു.എക്കല്‍ മാറ്റാന്‍ ലഭിച്ച അയ്യായിരം രൂപ ഒഴിച്ചാല്‍ നഷ്ടപരിഹാരമൊന്നും കര്‍ഷകര്‍ക്ക് ലഭിച്ചില്‍. പാടത്ത് ചുറ്റും ബണ്ട് നിര്‍മിക്കാന്‍ ഏഴ് ലക്ഷം രൂപ കര്‍ഷകര്‍ സ്വന്തംപോക്കറ്റില്‍ നിന്നാണ് ഇറക്കിയത്.  മഴ ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥ പ്രവചനം ഇപ്പോള്‍ നടത്തുന്ന പ്രയത്നങ്ങളും അസ്ഥാനത്താക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു.