അരുവിക്കര ഡാ മുന്നറിയിപ്പില്ലാതെ തുറന്നു; തകർന്നത് മൂന്ന് കുടുംബങ്ങളുടെ സ്വപ്നം

തിരുവനന്തപുരം അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതോടെ ആറ്റുകാല്‍ മങ്കാട്ടുകടവിലെ മൂന്ന് കുടുംബങ്ങള്‍ക്ക് നഷ്ടമായത് സ്വന്തം കിടപ്പാടമാണ്. വീട് തകര്‍ന്നതോടെ എങ്ങോട്ടുപോകണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍. കിള്ളിയാറിന്റെ തീരത്ത് ബണ്ട് പണിയണമെന്ന ഇവരുടെ കാലങ്ങളായുള്ള ആവശ്യം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചതാണ് ദുരന്തത്തിന് കാരണമായത്.

അഞ്ചുദിവസങ്ങള്‍ക്ക് മുമ്പ് സുശീലയുടെയും കുടുംബത്തിന്റെയും ജീവിതം ഇങ്ങനെയായിരുന്നില്ല. കണ്ണന് സുഖമായുറങ്ങാന്‍ ചെറുതെങ്കിലും ഒരുവീടുണ്ടായിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നതോടെ വെള്ളം കരമനയാറിലേക്കും തുടര്‍ന്ന് കിള്ളിയാറിലേക്കും ഇരച്ചെത്തി. ഇതോടെയാണ് മങ്കാട്ടുകടവിലെ മൂന്ന് വീടുകള്‍ തകര്‍ന്നത്. അവശേഷിക്കുന്നത് പൊളിഞ്ഞു വീഴാറായ ഈ ഭിത്തികള്‍ മാത്രമാണ്.

പ്രളയം നേരിടാന്‍ നദികള്‍ എങ്ങിനെ ഒരുക്കണമെന്നതില്‍ സംസ്ഥാനത്തിന് മാതൃകയാണ് കിള്ളിയാര്‍ എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞ അതേ കിള്ളിയാറിന്റെ തീരത്തുള്ളവര്‍ക്കാണ് ഈ ദുരവസ്ഥ.

വീട് വാസയോഗ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ അഭ്യര്‍ഥന. വര്‍ഷങ്ങളായുള്ള ഇവരുടെ അധ്വാനമാണ് ഒറ്റ ദിവസം കൊണ്ട് തകര്‍ന്നുവീണത്. ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ ഇതിലും വലിയ ദുരന്തമായിരിക്കും ഇവരെപോലെ സമീപപ്രദേശങ്ങളിലെ മറ്റ് വീട്ടുകാര്‍ക്കും നേരിടേണ്ടി വരിക.