വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ലാപ്ടോപ്; സർക്കാരിന് ഒപ്പം ചേർന്ന് കോക്കോണിക്സ്

ഓൺലൈൻ ക്ലാസിന് ഒരുങ്ങുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്കിൽ ലാപ്ടോപ് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി.  11,000 രൂപ മുതൽ വിലയുള്ള ലാപ്ടോപ്പുകൾ ആണ് വിപണിയിലെത്താൻ ഒരുങ്ങുന്നത്.  

ടി.വി, ഇൻറർനെറ്റ് സൗകര്യമില്ലാത്ത 2.61 ലക്ഷം സ്കൂൾ വിദ്യാർഥികൾ സംസ്ഥാനത്തുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തിയത്. ഈ കുട്ടികൾക്ക് എങ്ങനെ പഠന സൗകര്യമൊരുക്കും എന്നതാണ് വെല്ലുവിളി. കോവിഡ് പശ്ചാത്തലത്തിൽ ലാപ്ടോപ് ആവശ്യത്തിന് ലഭിക്കാനുമില്ല. ഈ സാഹചര്യത്തിലാണ് ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച ലാപ്ടോപ് നിർമാണ സംരംഭമായ കോക്കോണിക്സ് വിദ്യാഭ്യാസ ആവശ്യത്തിനുള്ള രണ്ടു മോഡൽ ലാപ്ടോപ്പുകൾ നിർമിക്കുന്നത്. സ്കൂളുകളുടെയും കോളജുകളുടെയും വിദ്യാഭ്യാസ ആവശ്യത്തിന് ഉതകുന്ന വിധത്തിലാണ് ഇവ നിർമിക്കുന്നത്. ഇൻ്റലിൻ്റെ സാങ്കേതിക സഹായത്തോടെയാണ് നിർമാണം. ബി. ഐ.എസ് സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ വിതരണം നടത്താനാകും. 

 സർക്കാരിൻ്റെ സാമ്പത്തിക സഹായം കൂടി ലഭിച്ചാൽ ഇതിലും കുറഞ്ഞ വിലയ്ക്ക് അർഹരായ കുട്ടികൾക്ക് ലാപ്ടോപ്പ് ലഭ്യമാക്കാനാകും. ഇതിനകം ചില സ്വകാര്യ സ്കൂളുകളിൽ നിന്ന് ലാപ്ടോപ്പുകൾക്കായി അന്വേഷണം വന്നിട്ടുണ്ടു്. മാസം മുപ്പതിനായിരത്തോളം ലാപ്ടോപ്പുകൾ തിരുവനന്തപുരം മൺവിളയിലെ പ്ലാൻ്റിൽ നിർമിക്കാനാകും. സർക്കാരിനും എൻജിനിയറിങ് കോളജുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കുമായി 3700 ലാപ്ടോപ്പുകൾ കോക്കോണിക്സ് ഇതുവരെ നൽകിയിട്ടുണ്ട്.